'പലരുടെയും ജീവിതത്തിന് പ്രകാശം ചൊരിഞ്ഞ് സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽ തന്നെ അദ്ദേഹം അവഹേളിതനായി' അറ്റ്‌ലസ് രാമചന്ദ്രനെ അനുസ്‌മരിച്ച് നിർമ്മാതാവ് കെ ടി കുഞ്ഞുമോൻ

Monday 03 October 2022 11:27 AM IST

പ്രവാസി വ്യവസായിയും ചലച്ചിത്ര നിർമ്മാതാവുമായ അറ്റ്‌ലസ് രാമചന്ദ്രൻ കഴിഞ്ഞ ദിവസം വിടവാങ്ങിയിരുന്നു. രാമചന്ദ്രനെക്കുറിച്ചുള‌ള ഓർമ്മകൾ പങ്കുവച്ച് നിർമ്മാതാവ് കെ.ടി കുഞ്ഞുമോൻ. അറ്റ്‌ലസ് രാമചന്ദ്രൻ അന്തരിച്ചെന്ന വാർത്ത ‌ഞെട്ടലും ദു:ഖവുമുളവാക്കി എന്ന് പറഞ്ഞ കുഞ്ഞുമോൻ സിനിമാ മേഖലയിൽ പലരുടെയും ജീവിതത്തിന് പ്രകാശം ചൊരിഞ്ഞ അദ്ദേഹം അവസാനം താൻ വളർത്തി വലുതാക്കിയവരാൽ തന്നെ അവഹേളിതനായി എന്ന് കെ.ടി കുഞ്ഞുമോൻ പറയുന്നു.

ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണെന്ന് ദുബായ് സന്ദർശനവേളയിൽ അദ്ദേഹം തന്നോട് പറഞ്ഞതായി ഓർത്ത കുഞ്ഞുമോൻ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും ബാക്കിവച്ചാണ് അറ്റ്ലസ് രാമചന്ദ്രൻ യാത്രയായതെന്നും അദ്ദേഹം ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.

കെ.ടി കുഞ്ഞുമോന്റെ ഫേസ്‌ബുക്ക് കുറിപ്പിലെ പൂർണരൂപം ചുവടെ:

ആദരാഞ്ജലി
അറ്റ്ലസ് രാമചന്ദ്രൻ അന്തരിച്ചു എന്ന വാർത്ത എന്നിലുണ്ടാക്കിയ ഞെട്ടലും ദുഃഖവും പറഞ്ഞറിയിക്ക വയ്യാ. ഉറ്റ മിത്രത്തിന്റെ പെട്ടന്നുള്ള ഈ വേർപാട് എന്നെ അതീവ ദുഃഖിതനാക്കുന്നൂ. കഴിഞ്ഞ ആഴ്ച ദുബായ് സന്ദർശന വേളയിൽ അദ്ദേഹവുമായി സംസാരിച്ചിരുന്നു. ശക്തമായ തിരിച്ചു വരവിനുള്ള തയ്യാറെടുപ്പിലാണ് താൻ എന്ന് പറഞ്ഞു. വഞ്ചനയിലും ചതി കുഴികളിലും പെട്ട് ഏറെ മാനസിക ദുരിതങ്ങൾ അനുഭവിച്ച അദ്ദേഹം തിരിച്ചു വരുന്നു എന്ന് കേട്ടപ്പോൾ ഉണ്ടായ എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. പക്ഷെ ഒറ്റ രാത്രിയിൽ എല്ലാം അവസാനിച്ചു. പലരുടെയും ജീവിതത്തിന് പ്രകാശം ചൊരിഞ്ഞ് അവസാനം സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽ തന്നെ അവഹേളിതനായ അദ്ദേഹം തന്റെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും ബാക്കി വെച്ച് യാത്രയായി. ആ നല്ല ആത്മാവിന്റെ നിത്യ ശാന്തിക്കായി ദൈവത്തോട് പ്രാർഥിക്കുന്നു.