പ്രിയ സഖാവിന് വിടനൽകാനൊരുങ്ങി കണ്ണൂർ; വിലാപയാത്രയെ അനുഗമിച്ച് പതിനായിരങ്ങൾ, സംസ്കാരം അൽപ്പസമയത്തിനകം

Monday 03 October 2022 2:38 PM IST

കണ്ണൂർ: സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം വഹിച്ച് പയ്യാമ്പലത്തേയ്ക്കുള്ള വിലാപയാത്ര കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് തിരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, എംഎ ബേബി, എം വിജയരാഘവൻ തുടങ്ങിയവർ വിലാപയാത്രയെ അനുഗമിക്കുന്നു. വഴിയരികിൽ ആയിരങ്ങളാണ് നേതാവിന്റെ അവസാനയാത്ര കാണാനെത്തിയത്.

ആയിരക്കണക്കിനാളുകളാണ് ഇന്ന് രാവിലെ വീട്ടിലെത്തി കോടിയേരിക്ക് അന്ത്യാഭിവാദ്യം അർപ്പിച്ചത്. പതിനൊന്ന് മണിയോടെയാണ് മൃതദേഹം വിലാപയാത്രയായി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോയത്. തങ്ങളുടെ പ്രിയസഖാവിനെ അവസാനമായി ഒരുനോക്ക് കാണാൻ പതിനായിരങ്ങളാണ് ഇവിടേക്ക് ഒഴുകിയെത്തിയത്.

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ബി ജെ പി നേതാവ് സി കെ പദ്മനാഭൻ, ആർ എസ് എസ് നേതാവ് വത്സൻ തില്ലങ്കേരി, വിവിധ പാർട്ടികളുടെ നേതാക്കൾ എന്നിവർ ജില്ലാകമ്മിറ്റി ഓഫീസിലെത്തി മൃതദേഹത്തിൽ പുഷ്പചക്രം അർപ്പിച്ചിരുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ജില്ലാ കമ്മിറ്റി ഓഫീസിലെത്തി കോടിയേരിക്ക് അന്ത്യോപചാരം അർപ്പിച്ചു. ഇവിടെ രണ്ട് മണിവരെയാണ് മൃതദേഹം പൊതുദർശനത്തിന് വച്ചത്.

പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാര ചടങ്ങുകൾ നടക്കുക. ഇ കെ നായനാരുടെയും ചടയൻ ഗോവിന്ദന്റെയും കുടീരങ്ങൾക്ക് നടുവിലാണ് കോടിയേരിയുടെ അന്ത്യനിദ്ര. സി പി എം കേന്ദ്ര നേതാക്കളടക്കം ചടങ്ങിൽ പങ്കെടുക്കും. സംസ്‌കാരത്തിന് ശേഷം അനുശോചന യോഗവും നടക്കും.

Advertisement
Advertisement