കേരള സവാരി  ഓൺലൈൻ ടാക്സി: ഡ്രൈവർക്ക് ഓൺലൈൻ രജിസ്ട്രേഷൻ,   ഓട്ടം വിളിക്കാൻ ആപ്പ് എടുത്തവർ 7000 കടന്നു

Tuesday 04 October 2022 1:47 AM IST


നമ്പർ ദുരുപയോഗം തടയാൻ കാൾ മാസ്‌കിംഗ്

തിരുവന്തപുരം: സർക്കാരിന്റെ ആഭിമുഖ്യത്തിലുള്ള ഓൺലൈൻ ടാക്സി സർവീസായ കേരള സവാരി മുഖാന്തരം ഓട്ടം പോകാൻ സന്നദ്ധരാവുന്ന ഡ്രൈവർമാർക്ക് ഓൺലൈനിൽത്തന്നെ രജിസ്ട്രേഷൻ നടത്താം.

സേവനം പ്രയോജനപ്പെടുത്താൻ

7441 പേർ ഇന്നലെവരെ കേരള സവാരി ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്. തലസ്ഥാനത്തിന് പുറത്തേക്കും പദ്ധതി വ്യാപിപ്പിക്കാൻ നടപടി ആരംഭിച്ചു.

ഇതുവരെ ഡ്രൈവർമാർ നേരിട്ട് കാൾ സെന്ററിൽ എത്തണമായിരുന്നു.

ഇവർക്കുള്ള ആപ്പ് പ്ളേ സ്റ്റോറിൽ ലഭ്യമാക്കി.

പാലക്കാട്ടെ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസാണ് ആപ്പ് വികസിപ്പിച്ചത്. നൂറിലധികം ഡ്രൈവർമാർ ഡൗൺലോഡ് ചെയ്തു കഴിഞ്ഞു. മൊബൈൽ,ലൈസൻസ്,വാഹന നമ്പറുകൾ നൽകിയാണ് രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടത്. സ്ത്രീകളടക്കം 575 ഡ്രൈവർമാർ പദ്ധതിയിൽ ചേർന്നിട്ടുണ്ട്.
ചിങ്ങം ഒന്നിനാണ് പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.

സേവനം ലഭിക്കാൻ

#ആപ്പ് ഡൗൺലോഡ് ചെയ്ത് ഫോൺ നമ്പരും ഇമെയിലും രജിസ്റ്റർ ചെയ്യുക. മൊബൈലിലേക്ക് വരുന്ന ഒ.ടി.പി എന്റർ ചെയ്യുന്നതോടെ ലോഗിൻ പൂർത്തിയാവും.

# പുറപ്പെടുന്ന സ്ഥലവും എത്തേണ്ട സ്ഥലവും രേഖപ്പെടുത്തുമ്പോൾ കാറിനും ഓട്ടോറിക്ഷയ്ക്കുമുള്ള ചാർജ് ആപ്പിൽ തെളിയും. ഇതിലൊന്ന് തിരഞ്ഞെടുത്താൽ വാഹനം എത്തും.

മിനിമം ചാർജ്

#ഓട്ടോറിക്ഷ 30 രൂപ. തുടർന്നുള്ള ഓരോ കിലോ മീറ്ററിനും 15 രൂപ (എട്ടര കിലോ മീറ്റർ വരെ).

# ടാക്സി 200 രൂപ. തുടർന്നുള്ള ഓരോ കിലോമീറ്ററിനും 18രൂപ

ഫോൺ കാൾ മാസ്‌കിംഗ്

സ്ത്രീകൾ അടക്കമുള്ളവരുടെ ഫോൺ നമ്പർ ദുരുപയോഗം ചെയ്യാതിരിക്കാൻ മാസ്കിംഗ് സംവിധാനവും ഏർപ്പെടുത്തി. ഡ്രൈവറുടെ ഫോണിൽ റിംഗ് ടോൺ മാത്രമേ ലഭിക്കൂ. വിളിക്കുന്നയാളിന്റെ നമ്പർ തെളിയില്ല. സിം ഏതു ടെലികോം കമ്പനിയുടേതായാലും ഇത്തരത്തിലേ പ്രവർത്തിക്കൂ.

തകർക്കാൻ ശ്രമം

പദ്ധതിയെ തകർക്കാൻ ചില ഓൺലൈൻ ടാക്‌സി ശൃംഖലകൾ ശ്രമിക്കുന്നതായി അധികൃതർ പറയുന്നു. ഡ്രൈവർമാരുടെ ഗ്രൂപ്പിൽ ഇവരുടെ ആൾക്കാരെ തിരുകിക്കയറ്റി ഡ്രൈവർമാരെ പിന്തിരിപ്പിക്കാനും നിരക്ക് അടക്കമുള്ള കാര്യങ്ങളിൽ തെറ്റിദ്ധാരണ പരത്താനുമാണ് ശ്രമം.

Advertisement
Advertisement