6 മാസം പ്രതീക്ഷിച്ച മംഗൾയാൻ ഏഴരയാണ്ടിന് ശേഷം നിലച്ചു

Tuesday 04 October 2022 1:48 AM IST

തിരുവനന്തപുരം: ആറുമാസത്തെ ദൗത്യവുമായി ചൊവ്വയിലേക്ക് ഇന്ത്യ അയച്ച മാർസ് ഓർബിറ്റർ മിഷൻ എന്ന മംഗൾയാനിൽ നിന്ന് ഭൂമിയിലേക്ക് ലഭിച്ചിരുന്ന സന്ദേശങ്ങൾ നിലച്ചു. ബാറ്ററിയുടെ ആയുസ്സ് തീർന്നതോടെ ഉപകരണങ്ങൾ പ്രവർത്തനരഹിതമായി. സൂര്യപ്രകാശത്തിൽ ചാർജ്ജ് ചെയ്യുന്ന ബാറ്ററിയാണ് മംഗൾയാനിലുണ്ടായിരുന്നത്. ഇന്ധനവും തീർന്നതായാണ് സംശയം. മംഗൾയാൻ ഇനി ചൊവ്വയെ ചുറ്റിത്തിരിയുന്ന ബഹിരാകാശമാലിന്യമാകും.

പി.എസ്.എൽ.വി റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ച മംഗൾയാൻ ആദ്യശ്രമത്തിൽ തന്നെ ഇന്ത്യയ്ക്ക് വിജയിപ്പിക്കാനായത് ചരിത്രനേട്ടമായിരുന്നു. ആറുമാസത്തേക്കാണ് സന്ദേശങ്ങൾ പ്രതീക്ഷിച്ചതെങ്കിലും ഏഴരവർഷക്കാലം അധികം സന്ദേശങ്ങൾ അയച്ചു.

അടിസ്ഥാനവിവരങ്ങൾ

2013

നവംബർ 5ന് വിക്ഷേപിച്ചു

2014

സെപ്തംബർ 24ന് ചൊവ്വയുടെ ഭ്രമണപഥത്തിൽ

450 കോടി

ചെലവ്

ഉപകരണങ്ങൾ

ലൈമാൻ ആൽഫാ ഫോട്ടോമീറ്റർ, മീഥേയ്ൻ സെൻസർ ഫോർ മാർസ്, മാർസ് എക്‌സോസ്‌ഫെറിക് ന്യൂട്രൽ കംപോസിഷൻ അനലൈസർ, മാർസ് കളർ കാമറ, തെർമൽ ഇൻഫ്രാറെഡ് ഇമേജിംഗ് സ്‌പെക്ട്രോമീറ്റർ

ലക്ഷ്യം

ചൊവ്വയിലെ ജലസാന്നിദ്ധ്യം, അന്തരീക്ഷഘടന, അണുവികിരണങ്ങൾ എന്നിവയുടെ പഠനം

ചിത്രങ്ങളെടുത്ത് ചൊവ്വയുടെ ഭൂപടം പകർത്തൽ, വിവിധ രാജ്യങ്ങൾക്ക് ഗവേഷണ വിവരങ്ങൾ കൈമാറൽ

ബാറ്ററി ചോർത്തിയത് ഗ്രഹണങ്ങൾ

അടിക്കടിയുണ്ടായ ഗ്രഹണങ്ങളാണ് മംഗൾയാന്റെ ജീവനെടുത്തത്. ഒന്നേമുക്കാൽ മണിക്കൂർ നേരത്തെ ഗ്രഹണം കണക്കാക്കിയാണ് മംഗൾയാനിലെ ബാറ്ററി നിർമ്മിച്ചത്. ഈയിടെ ഉണ്ടായ ഏഴുമണിക്കൂറിലേറെ ദൈർഘ്യമുള്ള ഗ്രഹണങ്ങൾ ബാറ്ററിയുടെ ആയുസ്സ് ചോർത്തി. ഗ്രഹണങ്ങൾ വരുമ്പോൾ ഭ്രമണപഥം മാറ്റിയെങ്കിലും 1.40 മണിക്കൂറിനുള്ളിൽ പൂർത്തിയാകാതിരുന്നതിനാൽ ബാറ്ററിക്ക് ചാർജ്ജ് ലഭിച്ചില്ല.