മല പോലെ വന്നത് മഞ്ഞ് പോലെ പോയി

Tuesday 04 October 2022 1:11 AM IST

തിരുവനന്തപുരം: 'സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഉറപ്പ്.പ്രായ പരിധിയിൽ തട്ടി പ്രതിനിധി

ചർച്ച പ്രക്ഷുബ്ദമായേക്കും'.സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ അവസാന

മണിക്കൂറുകളിൽ വരെ പ്രചരിച്ച ആശങ്കകൾ.ഒടുവിൽ ,മല പോലെ വന്നത് മഞ്ഞ് പോലെ

പോയി.കാനം രാജേന്ദ്രന് മൂന്നാമൂഴം. എതിരില്ലാതെ.

സന്ദർഭം ഏതുമാവട്ടെ, വാക്കുകൾ വളരെ പിശുക്കിയും അതിലേറെ സൂക്ഷിച്ചുമാണ് സംസാരം. പക്ഷേ, പറയുന്ന കാര്യങ്ങൾക്ക് ലക്ഷ്യമുണ്ടാവും വ്യക്തതയും. തത്വശാസ്ത്രപരമായ കാഴ്ചപ്പാടിന്റെയും സംഘടനാപരമായ നിലപാടുതറയുടെയും ബലത്തിലുമായിരിക്കും ആ സംസാരം. കാനം രാജേന്ദ്രന്റെ (72) സവിശേതകളാണിത്.

പരുക്കൻ പ്രകൃതത്തിന്റെ നേരിയ ആവരണമുണ്ടെങ്കിലും ,ഇടപഴകിയിട്ടുള്ളവർക്കറിയാം കാനത്തിന്റെ ലാളിത്യം. ആവശ്യങ്ങളുമായി സമീപിക്കുന്ന ഒരു പ്രവർത്തകനും നിരാശനാവേണ്ടിവരില്ല. സാധാരണപ്രവർത്തകരുടെ മനസിലുള്ള സ്ഥാനവും നേതാക്കൾക്കിടയിലുള്ള മതിപ്പുമാണ് വീണ്ടും കാനത്തെ പാർട്ടി നേതൃത്വത്തിലെത്തിച്ചത്.

കോട്ടയം വാഴൂരിനടുത്ത് കാനത്ത് പരമേശ്വരൻ നായർ-ചെല്ലമ്മാൾ ദമ്പതികളുടെ മകനായി 1950 നവംബർ 10 നാണ് ജനനം. വാഴൂർ എസ്.വി.ആർ എൻ.എസ്.എസ് സ്കൂൾ, കോട്ടയം ബസേലിയോസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനവും വിദ്യാർത്ഥി പ്രസ്ഥാനത്തിലുള്ള ചുവടുവയ്പും. തുടർന്ന് യുവജന പ്രസ്ഥാനത്തിലെത്തിയ കാനം 1969ൽ എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറിയായപ്പോൾ പ്രായം 19 വയസ്. കേരളത്തിലെ കരുത്തുറ്റ യുവജന സംഘടനയായി എ.ഐ.വൈ.എഫ് വികസിച്ചത് ഈ ഘട്ടത്തിലാണ്. പിന്നീട് ദേശീയ വൈസ് പ്രസിഡന്റുമായി. 1971-ൽ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗമായി.1975 ൽ എൻ.ഇ.ബലറാം സെക്രട്ടറിയായിരിക്കെ സംസ്ഥാന സെക്രട്ടേറിയറ്റിലെത്തുമ്പോൾ വയസ് 25 . എം.എൻ.ഗോവിന്ദൻ നായർ, എൻ.ഇ.ബലറാം, സി.അച്യുതമേനോൻ, ടി.വി.തോമസ്, വെളിയം ഭാർഗവൻ തുടങ്ങിയവർക്കൊപ്പമുള്ള പ്രവർത്തന പരിചയമാണ് സംഘടനാരംഗത്തെ പേശിബലം. സി.പി.ഐ കോട്ടയം ജില്ലാ സെക്രട്ടറിയായിരിക്കെ 1982-ൽ വാഴൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക്. കഴിഞ്ഞ ദിവസം അന്തരിച്ച കോടിയേരി ബാലകൃഷ്ണനും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും അന്ന് സഭയിലെ കന്നിക്കാരായിരുന്നു. 87ലും കാനം ഇതേ മണ്ഡലത്തെ പ്രതിനിധീകരിച്ചു.

2006-ൽ എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറിയായതോടെ തട്ടകം ട്രേഡ് യൂണിയൻ മേഖലയാക്കി. അസംഘടിതരായ നിർമാണ തൊഴിലാളികളുടെ ജീവിത സുരക്ഷയ്ക്ക് നിയമസഭയിൽ കാനം അവതരിപ്പിച്ച സ്വകാര്യബില്ലിന്റെ തുടർച്ചയാണ് നിർമാണ തൊഴിലാളി നിയമം . പുത്തൻതലമുറ ബാങ്കുകളും ഐ.ടി സ്ഥാപനങ്ങളും മുതൽ സിനിമ രംഗത്ത് വരെ യൂണിയനുകളുണ്ടാക്കിയത് കാനത്തിന്റെ നേതൃത്വത്തിലാണ്. 2015-ൽ കോട്ടയത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവുമായി. 2018ൽ മലപ്പുറം സമ്മേളനത്തിൽ രണ്ടാമതും സംസ്ഥാന സെക്രട്ടറി. നിലവിൽ എ.ഐ.ടി.യു.സി ദേശീയ വൈസ് പ്രസിഡന്റുമാണ്. ഭാര്യ:വനജ.മക്കൾ: സന്ദീപ്, സ്മിത.മരുമക്കൾ:താരാ സന്ദീപ്, വി.സർവേശ്വരൻ.

Advertisement
Advertisement