ഗൾഫിൽ തൊഴിൽ തേടുന്നവ‌ർക്ക് പരിശീലനത്തി​ന് എംപ്ലോയർ കണക്ടിവിറ്റി മീറ്റ്

Tuesday 04 October 2022 1:53 AM IST
എംപ്ലോയർ കണക്ടിവിറ്റി മീറ്റ്

കൊച്ചി: ഗൾഫിലെ തൊഴിൽ സാദ്ധ്യതകളെക്കുറിച്ചും റിക്രൂട്ടിംഗിനെക്കുറിച്ചും അവബോധം നൽകാൻ സൗദിയിലെ റിയാദ്, യു.എ.ഇയിലെ അബുദാബി, ദുബായ് എന്നിവിടങ്ങളിൽ ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ എംപ്ലോയർ കണക്ടിവിറ്റി മീറ്റ് നടത്തി.

റിയാദിൽ കേരള അക്കാഡമി ഫോർ സ്‌കിൽസ് എക്സലൻസ് (കെയ്‌സ്), ഒഡെപെക് എന്നിവയുടെ പങ്കാളിത്തത്തോടെ 50ൽ ഏറെ തൊഴിലുടമകൾ പങ്കെടുത്ത പരിപാടിയിൽ, മികച്ച തൊഴിലാളികളെ നൽകാമെന്ന് കേരളത്തിലെ ഏജൻസികൾ ഉറപ്പു നൽകി.

ഗൾഫിൽ ജോലിക്ക് തയ്യാറെടുക്കുന്നവ‌ർക്ക് ഫീസില്ലാതെ അറബി ഭാഷാ പരിശീലനം നൽകുമെന്ന് അക്കാഡമി ഫോർ സ്‌കിൽസ് എംഡി കെ. ഗോപാലകൃഷ്ണൻ പറഞ്ഞു. മികച്ച ഉദ്യോഗാർഥികളെ കണ്ടെത്തി ആരോഗ്യ, എൻജിനീയറിംഗ്, ഐടി മേഖലകളിൽ അവസരമൊരുക്കുമെന്ന് ഒഡെപെക് ചെയർമാൻ കെ.പി. അനിൽകുമാർ പറഞ്ഞു. റിക്രൂട്ട്മെന്റ് നടപടിക്രമങ്ങളെക്കുറിച്ച് ഒഡെപെക് എംഡി അനൂപ് കൃഷ്ണൻ വിശദീകരിച്ചു.
റിയാദ് ഇന്ത്യൻ എംബസി കോൺസൽ എം.ആർ സജീവ്, ഇൻഡോ ഗൾഫ് ആൻഡ് മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കൊമേഴ്‌സ് വൈസ് ചെയർമാൻ അഹമ്മദ് കബീർ എന്നിവർ പങ്കെടുത്തു.

സൗദിയിലേക്കു പോകുന്ന ഉദ്യോഗാർഥികൾക്കായി ഡൽഹി, കൊൽക്കത്ത, മുംബയ്, കൊച്ചി എന്നിവിടങ്ങളിൽ കേന്ദ്രസർക്കാർ പരിശീലന കേന്ദ്രം ആരംഭിക്കുമെന്ന് പ്രതിനിധികൾ അറിയിച്ചു.

ഇന്ത്യൻ എംബസിയുമായി സഹകരിച്ച് അബുദാബിയിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത്യൻ പ്രതിനിധികൾക്കു പുറമേ ഐ.ബി.പി.സി സെക്രട്ടറി ജനറൽ സിബി സുധാകരനും പങ്കെടുത്തു.
ദുബായിൽ ഇന്ത്യൻ കോൺസുലേറ്റി​ലെ പരിപാടി മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്‌ഘാടനം ചെയ്തു.

ഐ. ബി. പി. സി ദുബായ് ഗവർണർ സിദ്ധാർത്ഥ്‌ ബാലചന്ദ്രൻ, കോൺസൽ ടാഡു മാമു, ഇൻഡോ ഗൾഫ് ആൻഡ് മിഡിൽ ഈസ്റ്റ് ചേംബർ ഒഫ് കൊമേഴ്‌സ് ചെയർമാൻ ഡോ. എൻ.എം ഷറഫുദ്ദീൻ, എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement