50 വർഷമായി പാർട്ടിയിലുണ്ട്, കണ്ണു നിറഞ്ഞ് ഇസ്മായിൽ

Tuesday 04 October 2022 1:34 AM IST

തിരുവനന്തപുരം: അമ്പത് വർഷമായി ഒന്നും ആഗ്രഹിക്കാതെ പാർട്ടിക്കായി പ്രവർത്തിച്ചയാളാണ് താനെന്നും ഇനി നാളെയൊരിക്കൽ ഇതുപോലെ നിങ്ങളോടിങ്ങനെ സംസാരിക്കാൻ തനിക്കായെന്ന് വരില്ലെന്നും പറഞ്ഞ് സംസ്ഥാന സമ്മേളനത്തിനൊടുവിൽ പ്രതിനിധികളെ അഭിവാദ്യം ചെയ്ത കെ.ഇ. ഇസ്മായിൽ വികാരഭരിതനായി. പാർട്ടിയിൽ വിമതനീക്കങ്ങൾ നടത്തിയ മുതിർന്ന നേതാക്കൾക്കെതിരെ ക്യാപ്പിറ്റൽ പണിഷ്മെന്റ് വേണമെന്നൊന്നും താൻ പറയുന്നില്ല എന്ന് കഴിഞ്ഞ ദിവസത്തെ പ്രതിനിധി ചർച്ചയിൽ ഒരംഗം വിമർശിച്ചതിനെ ഓർമ്മിപ്പിച്ചായിരുന്നു പരാമർശം.

1955കാലം മുതൽ ഈ പാർട്ടിയിലുണ്ട്. പാർട്ടി പിളർപ്പിന്റെ കാലത്ത് ബുദ്ധിമുട്ടുകൾ ഏറെ അനുഭവിച്ചിട്ടുണ്ട്. തന്റെ വീടുൾപ്പെടെ സി.പി.എമ്മുകാർ അന്ന് കൈയേറി പാർട്ടിയോഫീസാക്കിയിട്ടുണ്ട്. ഒന്നും ആഗ്രഹിക്കാതെ പാർട്ടിക്കായി പ്രവർത്തിച്ചിട്ടുള്ളയാളാണ് താൻ. താൻ പറയാത്ത കാര്യങ്ങളാണ് ചില നേതാക്കൾ തെറ്റായ ധാരണയോടെ ഏറ്റെടുത്ത് വിവാദമാക്കിയത്. തനിക്കതിൽ പങ്കില്ല. ഗ്രൂപ്പില്ലാതെ ഒറ്റക്കെട്ടായി പ്രവർത്തകർ പാർട്ടിയെ മുന്നോട്ടു നയിക്കണമെന്നും ഇസ്മായിൽ പറഞ്ഞു.