ബിജിമോളെ ഒഴിവാക്കി ഇടുക്കി ജില്ലാ നേതൃത്വം പാർട്ടി കോൺഗ്രസ് പ്രതിനിധിയുമാക്കിയില്ല ഇസ്മായിൽ ചേരിയെ അട്ടിമറിച്ച് എറണാകുളം

Monday 03 October 2022 10:38 PM IST

തിരുവനന്തപുരം: ഇടുക്കി ജില്ലാ സമ്മേളനത്തിൽ സെക്രട്ടറി സ്ഥാനത്തേക്ക് ഔദ്യോഗിക സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ട മുൻ എം.എൽ.എ ഇ.എസ്.ബിജിമോളെ സി.പി.എ സംസ്ഥാന കൗൺസിലിൽ നിന്നൊഴിവാക്കി ജില്ലാ നേതൃത്വം. പാർട്ടി കോൺഗ്രസ് പ്രതിനിധിയായി ബിജിമോൾ പോകട്ടെയെന്ന് ഇടുക്കി ജില്ലാ ഗ്രൂപ്പ് ചർച്ചയ്ക്കിടയിൽ ഒരംഗം നിർദ്ദേശിച്ചെങ്കിലും മുതിർന്ന നേതാവ് കെ.കെ. ശിവരാമൻ ഇടപെട്ട് ഒഴിവാക്കി. താൻ ഒഴിഞ്ഞുകൊടുക്കാമെന്ന് പറഞ്ഞ നേതാവിനോട്, താങ്കൾക്ക് താല്പര്യമില്ലെങ്കിൽ വേറെയാളെ തിരഞ്ഞെടുക്കാമെന്ന് ശിവരാമൻ അറുത്തുമുറിച്ച് പറഞ്ഞതോടെ അദ്ദേഹം നിലപാട് മാറ്റി.

ചാത്തന്നൂർ എം.എൽ.എ ജി.എസ്. ജയലാലിനെ കൊല്ലം ജില്ലാ ഘടകം ഒഴിവാക്കിയതോടെ അദ്ദേഹവും സംസ്ഥാന കൗൺസിലിൽ നിന്നൊഴിവാക്കപ്പെട്ടു. സഹകരണ ആശുപത്രി വിവാദത്തിൽ ജയലാലിനെ നേരത്തേ സംസ്ഥാന കൗൺസിലിൽ നിന്ന് പുറത്താക്കിയിരുന്നു. കൗൺസിലിലേക്ക് വീണ്ടും അദ്ദേഹത്തെ തിരഞ്ഞെടുത്തയയ്ക്കേണ്ടെന്ന് ജില്ലാ നേതൃത്വം തീരുമാനിച്ചു.

എറണാകുളത്ത് ജില്ലാ ഗ്രൂപ്പ് ചർച്ചയിൽ ചേരിതിരിഞ്ഞ് മത്സരമുണ്ടായി. കഴിഞ്ഞ ദിവസം പ്രതിനിധി ചർച്ചയിൽ കെ.ഇ. ഇസ്മായിലിനെയും സി.ദിവാകരനെയും വിമർശിച്ച നവാസ് ഔദ്യോഗികപക്ഷത്തുനിന്ന് മത്സരിച്ച് സംസ്ഥാന കൗൺസിലിൽ ഇടംനേടി. ഇസ്മായിൽ പക്ഷത്തുള്ള മുൻ ജില്ലാ സെക്രട്ടറി പി. രാജു, എ.എൻ. സുഗതൻ, എം.ടി. നിക്സൻ, ടി.സി. സഞ്ജിത് എന്നിവർ പരാജയപ്പെട്ട് കൗൺസിലിൽ നിന്നൊഴിവാക്കപ്പെട്ടു.

ജില്ലാ സെക്രട്ടറി സ്ഥാനത്ത് മത്സരിച്ച് പരാജയപ്പെട്ട ബിജിമോൾ പിന്നീട് സമൂഹമാദ്ധ്യമത്തിലൂടെ ജില്ലാ നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. തനിക്ക് പകരം ഒരു പുരുഷനെയാണ് സെക്രട്ടറിസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നതെങ്കിൽ ഇതുപോലെ മാനസികപീഡനവും ആക്രമണവുമുണ്ടാകുമായിരുന്നോയെന്നാണ് ബിജിമോൾ അന്ന് ചോദിച്ചത്. സി.പി.ഐയിൽ പുരുഷാധിപത്യമാണെന്നും സ്ത്രീകൾക്ക് പ്രവർത്തിക്കാനാവുന്നില്ലെന്നും അവർ അന്ന് കുറ്റപ്പെടുത്തുകയുണ്ടായി.

Advertisement
Advertisement