ഒമാനുമായി വാർത്തകൾ കൈമാറും: കരാറിൽ വി.മുരളീധരൻ ഒപ്പുവച്ചു

Monday 03 October 2022 10:59 PM IST

തിരുവനന്തപുരം: ഇന്ത്യൻ വാർത്ത ഏജൻസിയായ എ.എൻ.ഐയും ഒമാൻ ന്യൂസ് ഏജൻസിയും വാർത്തകളും വിവരങ്ങളും കൈമാറുന്നതിനുള്ള കരാറിൽ വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ഒപ്പുവച്ചു. ഇരുരാജ്യങ്ങളുടെയും ബന്ധം ശക്തിപ്പെടുത്തുന്നതിന് കരാർ സഹായകമാകുമെന്ന് എംബസി അങ്കണത്തിൽ നടന്ന ചടങ്ങിൽ മന്ത്രി പറഞ്ഞു. ഒമാനിലെ ഇന്ത്യൻ എംബസിയിലെത്തിയ മന്ത്രിയ്ക്ക് ഇന്ത്യൻ അംബാസഡർ അമിത് നാരങ്ങിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.

ഗാന്ധി പ്രതിമയുടെ അനാച്ഛാദനവും, 'ഇന്ത്യ ഒമാൻ ഒരു രാഷ്ട്രീയ യാത്ര' എന്ന വിഷയത്തിൽ ഇന്ത്യൻ ആർട്ടിസ്റ്റ് സേതുനാഥ് പ്രഭാകരന്റെ ചിത്രപ്രദർശനവും എംബസിയുടെ പുതിയ ലൈബ്രറിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് ബിൻ ഹമൂദ് അൽബുസൈദി, മറ്റ് മുതിർന്ന പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും. ഉഭയകക്ഷി ബന്ധങ്ങളും, പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും ചർച്ച ചെയ്യും. ഇന്ന് വൈകീട്ട് 4.45ന് എംബസി അങ്കണത്തിൽ പ്രവാസി സമൂഹം സ്വീകരണ പരിപാടിയും ഒരുക്കിയിട്ടുണ്ട് . വി. മുരളീധരന്റെ രണ്ടാമത്തെ ഒമാൻ സന്ദർശനമാണിത്.

ഇക്കഴിഞ്ഞ മാർച്ചിൽ ഒമാൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തിയിരുന്നു. മേയിൽ ഒമാൻ വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസുഫും ഇന്ത്യ സന്ദർശിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി 2018ൽ ഒമാൻ സന്ദർശിച്ചിട്ടുണ്ട്. 2019ൽ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും 2020 ഡിസംബറിൽ വി. മുരളീധരനും ഒമാൻ സന്ദർശിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മേയ് മാസത്തിലെ കണക്ക് പ്രകാരം ആറേകാൽ ലക്ഷത്തോളം ഇന്ത്യക്കാർ ഒമാനിൽ താമസിക്കുന്നുണ്ട്. ഇവരിൽ 4,83,901 പേർ പ്രൊഫഷണലുകളും തൊഴിലാളികളുമാണ്.

Advertisement
Advertisement