തെരുവ്നായ വാക്‌സിനേഷൻ ഇഴയുന്നു: 9 ജില്ലകളിൽ തദ്ദേശസ്ഥാപനങ്ങൾക്ക് അനക്കമില്ല

Tuesday 04 October 2022 12:14 AM IST

തിരുവനന്തപുരം : തെരുവ്നായ ആക്രമണങ്ങളും പേവിഷമരണങ്ങളും വർദ്ധിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് തെരുവ് നായ്ക്കൾക്ക് വാക്‌സിനേഷൻ നൽകാൻ തീരുമാനിച്ച് ആഴ്ചകൾ പിന്നിടുമ്പോഴും ഒൻപത് ജില്ലകളിൽ തദ്ദേശസ്ഥാപനങ്ങൾക്ക് അനക്കമില്ല. തദ്ദേശ,മൃഗസംരക്ഷണ,ആരോഗ്യ വകുപ്പുകളുടെ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,ഇടുക്കി,പാലക്കാട്,കോഴിക്കോട്,വയനാട്,കണ്ണൂർ,കാസർകോട് ജില്ലകളിൽ ഒരു നായയെ പോലും വാക്‌സിനേഷന് വിധേയമാക്കിയിട്ടില്ല. പത്തനംത്തിട്ട,കോട്ടയം,എറണാകുളം,തൃശൂർ,മലപ്പുറം ജില്ലകളിലായി 352 തെരുവ് നായ്ക്കൾക്ക് മാത്രമാണ് കഴിഞ്ഞ ഒരുമാസത്തിനിടെ വാക്‌സിൻ നൽകിയത്. കോട്ടയത്താണ് ഏറ്റവും കൂടുതൽ, 264. തൃശൂർ 46,പത്തനംത്തിട്ട 21,മലപ്പുറം 20, എറണാകുളം 1 എന്നിങ്ങനെയാണ് ജില്ലകളുടെ കണക്ക്.

തദ്ദേശവകുപ്പിന് സമാന്തരമായി മൃഗസംരക്ഷണവകുപ്പും വാക്‌സിൻ നൽകുന്നുണ്ട്. വയനാട് ഒഴികെയുള്ള ജില്ലകളിൽ മൃഗസംരക്ഷണവകുപ്പ് ഇത് ആരംഭിച്ചിട്ടുണ്ട്. 194193 തെരുവ് നായ്ക്കൾക്ക് ഇത്തരത്തിൽ വാക്‌സിൻ നൽകി. ഗ്രാമപ്രദേശങ്ങളിലാണ് മൃഗസംരക്ഷണവകുപ്പ് വാക്‌സിൻ നൽകുന്നത്. നഗരങ്ങളിൽ തദ്ദേശസ്ഥാപനങ്ങൾ മുൻകൈയെടുത്താലേ സാദ്ധ്യമാകൂ. നായപിടിത്തക്കാർ ഇല്ലാതിരുന്നതിനാൽ അടുത്തിടെ അപേക്ഷ ക്ഷണിച്ച് താത്പര്യമുള്ളവരെ കണ്ടെത്തിയിരുന്നു. ഇവരുടെ പരിശീലനം പൂർത്തിയായെങ്കിലും മൂന്നു ഡോസ് വാക്സിൻ എടുത്താൽ മാത്രമേ നായപിടിത്തതിന് നിയോഗിക്കാവൂ എന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. അടുത്ത ആഴ്ചയോടുകൂടി മൂന്നാം ഡോസും പൂർത്തിയാക്കി ഇവർ സജീവമാകുന്നതോടെ വാക്‌സിനേഷൻ കാര്യക്ഷമമാകുമെന്നാണ് തദ്ദേശവകുപ്പിന്റെ വിലയിരുത്തൽ.