കാനത്തിന് മൂന്നാമൂഴം,​  മത്സരമൊഴിവായി, കാനത്തെ നിർദ്ദേശിച്ചത് ഇസ്മായിൽ

Monday 03 October 2022 11:34 PM IST

ഇസ്മായിലും ദിവാകരനും പന്ന്യനുമില്ലാതെ പുതിയ കൗൺസിൽ

തിരുവനന്തപുരം: വിഭാഗീയത കനം മുറ്റി നിന്ന അന്തരീക്ഷത്തിൽ മത്സരം നടക്കുമെന്നതടക്കമുള്ള അഭ്യൂഹങ്ങൾക്ക് വിരാമമിട്ട്, തുടർച്ചയായ മൂന്നാം തവണയും സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ (72) സംസ്ഥാന സമ്മേളനം ഐകകണ്ഠ്യേന തിര‌ഞ്ഞെടുത്തു.

പ്രായപരിധി മാനദണ്ഡം നടപ്പായപ്പോൾ മുതിർന്ന നേതാക്കളായ കെ.ഇ. ഇസ്മായിലും സി. ദിവാകരനും പന്ന്യൻ രവീന്ദ്രനും പുതിയ കൗൺസിലിൽ നിന്നൊഴിവാക്കപ്പെട്ടു. 101 സ്ഥിരാംഗങ്ങളും പത്ത് കാൻഡിഡേറ്റംഗങ്ങളുമടക്കം 111 സംസ്ഥാന കൗൺസിൽ അംഗങ്ങളെയും 111 പാർട്ടി കോൺഗ്രസ് പ്രതിനിധികളെയും തിരഞ്ഞെടുത്തു.

ഇസ്മായിലും പന്ന്യനും ദേശീയ എക്സിക്യൂട്ടീവിന്റെ ഭാഗമായതിനാൽ തൽക്കാലം സംസ്ഥാന നേതൃസമിതികളിലും തുടരും. പാർട്ടി കോൺഗ്രസിൽ ഇസ്മായിൽ ദേശീയ കൗൺസിലിൽ നിന്നും ഒഴിവായേക്കാം. പന്ന്യൻ കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാനായതിനാൽ പ്രായപരിധി ബാധകമല്ല. പാർട്ടി കോൺഗ്രസ് വീണ്ടും അദ്ദേഹത്തെ ആ പദവിയിലേക്ക് തിരഞ്ഞെടുത്താൽ നേതൃത്വത്തിന്റെ ഭാഗമായി തുടരും. എൻ. അനിരുദ്ധൻ, അനാരോഗ്യം മൂലം വിശ്രമത്തിലുള്ള പി. തിലോത്തമൻ, എ.കെ. ചന്ദ്രൻ, വാഴൂർ സോമൻ എം.എൽ.എ, ജെ. വേണുഗോപാലൻ നായർ, ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ട ഇ.എസ്.ബിജിമോൾ, ജി.എസ്. ജയലാൽ എം.എൽ.എ തുടങ്ങിയവർ സംസ്ഥാന കൗൺസിലിൽ നിന്നൊഴിവാക്കപ്പെട്ട പ്രമുഖരാണ്.എതിർചേരിയെ നയിക്കുന്നയാളെന്ന് വിലയിരുത്തപ്പെട്ട കെ.ഇ. ഇസ്മായിലാണ് കാനത്തെ സെക്രട്ടറി സ്ഥാനത്തേക്ക് നിർദ്ദേശിച്ചത്.

ഇന്നലെ രാവിലെ നിലവിലെ സംസ്ഥാന എക്സിക്യൂട്ടീവ് ചേർന്ന് സംസ്ഥാന കൗൺസിൽ അംഗങ്ങളെ തിരഞ്ഞെടുക്കാൻ ജില്ലകൾക്കുള്ള ക്വോട്ട നിശ്ചയിച്ചു. എറണാകുളമൊഴിച്ച് എല്ലാ ജില്ലയിലും തർക്കമില്ലാതെ തിരഞ്ഞെടുപ്പ് പൂർത്തിയായി. എറണാകുളത്താകട്ടെ, ഇസ്മായിൽ ചേരിയിൽ നിന്ന് മത്സരിച്ച മുൻ ജില്ലാ സെക്രട്ടറി പി. രാജു അടക്കമുള്ളവർ പരാജയപ്പെട്ടതോടെ, ഔദ്യോഗികപക്ഷത്തിന്റെ പൂർണ ആധിപത്യം വ്യക്തമായി. കഴിഞ്ഞ ദിവസത്തെ പ്രതിനിധി ചർച്ചയിൽ സംഘടിതമായി വിമതനേതാക്കൾക്കെതിരെ ഉയർന്ന വിമർശനങ്ങളും മത്സരനീക്കങ്ങൾ അടയ്ക്കുന്നതായി.

വൈകിട്ട് പുതിയ സംസ്ഥാന കൗൺസിൽ പാനൽ സമ്മേളനം അംഗീകരിച്ചതിന് പിന്നാലെ, കേരളത്തിൽ നിന്നുള്ള ദേശീയ നിർവാഹക സമിതി അംഗങ്ങൾ ജനറൽസെക്രട്ടറി ഡി. രാജയുടെയും കേന്ദ്ര സെക്രട്ടേറിയറ്റംഗം അതുൽകുമാർ അൻജാന്റെയും സാന്നിദ്ധ്യത്തിൽ കൂടിയാലോചന നടത്തിയാണ് സെക്രട്ടറി സ്ഥാനത്തേക്ക് കാനത്തിന്റെ പേര് ഐകകണ്ഠ്യേന നിർദ്ദേശിക്കാൻ ധാരണയായത്. ഇസ്മായിലിനെ അതിന് ചുമതലപ്പെടുത്തി.പുതിയ കൗൺസിൽ അംഗങ്ങളുടെ യോഗത്തിൽ ഇസ്മായിൽ കാനത്തിന്റെ പേര് പറഞ്ഞു.

എൻ.ഇ. ബലറാം, പി.കെ. വാസുദേവൻ നായർ എന്നിവരാണ് ഇതിന് മുമ്പ് തുടർച്ചയായി മൂന്ന് തവണ സി.പി.ഐ സംസ്ഥാന സെക്രട്ടറിയായത്. 2015ലെ കോട്ടയം സമ്മേളനത്തിലാണ് പന്ന്യൻ രവീന്ദ്രന്റെ പിൻഗാമിയായി കാനം രാജേന്ദ്രൻ ആദ്യമായി സി.പി.ഐ സംസ്ഥാന സെക്രട്ടറിയായത്. 2018ലെ മലപ്പുറം സമ്മേളനത്തിൽ രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടു.