കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ പുനലൂർ മധു അന്തരിച്ചു

Monday 03 October 2022 11:41 PM IST

കൊല്ലം: പുനലൂർ മുൻ എം.എൽ.എയും കെ.പി.സി.സി അംഗവുമായ പുനലൂർ തൊളിക്കോട് വേമ്പനാട്ട് ഹൗസിൽ പുനലൂർ മധു (66) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഹൃദയസംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 8.30നായിരുന്നു. അന്ത്യം. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗമാണ്. ഇന്നുരാവിലെ 10 മുതൽ പുനലൂർ രാജീവ് ഭവനിൽ പൊതുദർശനത്തിനുശേഷം വൈകിട്ട് 5ന് വീട്ടുവളപ്പിൽ സംസ്കാരം.

1991ലെ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായ പുനലൂരിൽ സി.പി.ഐയുടെ മുല്ലക്കര രത്നാകരനെ 1312 വോട്ടുകൾക്ക് പരാജയപ്പെടുത്തി നിയമസഭാംഗമായി. 1996ൽ വീണ്ടും മത്സരിച്ചെങ്കിലും സി.പി.ഐയുടെ പി.കെ ശ്രീനിവാസനോട് പരാജയപ്പെട്ടു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, ഓയിൽ പാം ഇന്ത്യ ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു കാലത്ത് കൊല്ലം ഡി.സി.സി പ്രസിഡന്റിന്റെ താത്കാലിക ചുമതലയും വഹിച്ചിരുന്നു. ഭാര്യ: കമല. മകൻ: മനീഷ് വിഷ്ണു. മരുമകൾ: ദേവി ജയലക്ഷ്മി.