സ്വതന്ത്രരായി ജയിച്ച് പാർട്ടിയിൽ ചേർന്നാൽ അയോഗ്യത: ഹൈക്കോടതി
കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വതന്ത്രരായി മത്സരിച്ചു ജയിച്ചശേഷം ഏതെങ്കിലും പാർട്ടിയിലോ മുന്നണിയിലോ ചേർന്നാൽ കൂറുമാറ്റ നിരോധന നിയമപ്രകാരം അംഗങ്ങളെ അയോഗ്യരാക്കാമെന്ന് ഹൈക്കോടതി. കോതമംഗലം കീരംപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ ജോർജിനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യയാക്കിയത് ശരിവച്ചാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ,ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധി. ഭരണഘടനാ തത്ത്വങ്ങളും ജനാധിപത്യ സംവിധാനവും നിയമവാഴ്‌ചയും ഉയർത്തിപ്പിടിക്കാനാണ് കൂറുമാറ്റ നിരോധന നിയമം നടപ്പാക്കിയിട്ടുള്ളതെന്ന് ബെഞ്ച് പറഞ്ഞു. തിരഞ്ഞെടുപ്പിലും തിരഞ്ഞെടുക്കപ്പെടുന്നവരിലും ജനങ്ങൾക്കുള്ള വിശ്വാസം കാത്തുസൂക്ഷിക്കാൻ നിയമം ശക്തമാക്കണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
കീരംപാറ പഞ്ചായത്ത് ആറാം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് ഷീബ മത്സരിച്ചു ജയിച്ചത്. ഏതെങ്കിലും പാർട്ടിയുടെയോ മുന്നണിയുടെയോ ഭാഗമല്ലെന്ന് പത്രികയ്‌ക്കൊപ്പം നൽകിയ സത്യപ്രസ്താവനയിൽ പറഞ്ഞിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് ചട്ടങ്ങളനുസരിച്ച് പഞ്ചായത്തിൽ നൽകിയ ഡിക്ളറേഷനിൽ ഇടതു പിന്തുണയുള്ള സ്വതന്ത്രയാണെന്ന് വ്യക്തമാക്കി. പഞ്ചായത്ത് സെക്രട്ടറി തയ്യാറാക്കിയ അംഗങ്ങളുടെ രജിസ്റ്ററിൽ ഇടതു മുന്നണിയിൽ അംഗമാണെന്നും പറഞ്ഞിരുന്നു. ഇടതു പിന്തുണയോടെ വൈസ് പ്രസിഡന്റാവുകയും ചെയ്തു. തുടർന്ന് ഷീബ ജോർജിനെ അയോഗ്യയാക്കണമെന്ന് മറ്റൊരംഗം മാമച്ചൻ ജോസഫ് നൽകിയ പരാതിയിലാണ് നടപടി. ഇതിനെ ചോദ്യം ചെയ്ത് ഷീബ ജോർജ് നൽകിയ ഹർജി സിംഗിൾബെഞ്ച് തള്ളിയതിനെ തുടർന്നാണ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്.