നിഴലായി പിണറായി മൂന്ന് ദിവസവും
കണ്ണൂർ: രാഷ്ട്രീയ വഴികളിൽ എന്നും നിഴലായി കൂടെ നിന്ന കോടിയേരി ബാലകൃഷ്ണനെന്ന പ്രിയസഹപ്രവർത്തകന്റെ മൃതദേഹത്തിനൊപ്പം തന്നെയായിരുന്നു കഴിഞ്ഞ മൂന്നു ദിവസവും മുഖ്യമന്ത്രി പിണറായി വിജയൻ .
വിദേശയാത്ര മാറ്റി വച്ച് ശനിയാഴ്ച വൈകിട്ട് ചെന്നൈ അപ്പോളോ ആശുപത്രിയിലെത്തിയതു മുതൽ ഇന്നലെ വൈകിട്ട് സംസ്കാരം നടക്കുന്നതു വരെയും മുഖ്യമന്ത്രി കൂടെയുണ്ടായിരുന്നു. മുഖ്യമന്ത്രിയും മറ്റു നേതാക്കളും ചെന്നൈയിലെത്തിയ ശേഷമാണ് കോടിയേരിയുടെ മരണം സ്ഥിരീകരിച്ചത്.മൃതദേഹം എയർ ആംബുലൻസിൽ ചെന്നൈയിൽ നിന്നു എത്തിക്കുന്നതിനു തൊട്ടു മുമ്പ് മുഖ്യമന്ത്രി കണ്ണൂരിലെത്തി മൃതദേഹം പൊതുദർശനത്തിനു വയ്ക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി.തലശേരി ടൗൺഹാളിൽ മൂന്നു മണിക്ക് പൊതുദർശനത്തിനു വച്ചപ്പോൾ മുഖ്യമന്ത്രി മൃതദേഹത്തിൽ പതാക പുതപ്പിച്ചു. തുടർന്ന്,മൃതദേഹത്തിനരികെ തന്നെ ഇരിക്കുകയായിരുന്നു. വരുന്നവരിൽ ചിലരെ ഇടയ്ക്കൊന്ന് അഭിവാദ്യം ചെയ്തതല്ലാതെ സംസാരിക്കാൻ പോലും മുഖ്യമന്ത്രിക്ക് കഴിഞ്ഞിരുന്നില്ല. മുതിർന്ന നേതാക്കൾ പലരും മടങ്ങിയെങ്കിലും, ഇരുപത് മണിക്കൂറോളം പ്രിയസഖാവിനരികിൽ നിന്നു പിണറായി ഒരു നിമിഷം പോലും മാറിയില്ല.
രാത്രി പത്തിന് മൃതദേഹം കോടിയേരിയിലെ വീട്ടിലേക്ക് കൊണ്ടുപോകുന്നതു വരെ മുഖ്യമന്ത്രി അവിടെത്തന്നെ ഇരുന്നു. ഭാര്യ കമലയും ഒപ്പമുണ്ടായിരുന്നു.പിറ്റേന്ന് രാവിലെ കോടിയേരിയുടെ വീട്ടിലെത്തിയ ശേഷം ബന്ധുക്കളെയും കുടുംബാംഗങ്ങളെയും മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. തുടർന്നാണ് മൃതദേഹം സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിച്ചത്. മൃതദേഹം എത്തുന്നതിനു അര മണിക്കൂർ മുമ്പ് മുഖ്യമന്ത്രി സി.പി. എം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തു.
രണ്ടുവാക്ക്
ഗവർണറോട് മാത്രം
കോടിയേരിയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനാണ് അദ്ദേഹം സമയം കണ്ടെത്തിയത്. ഇതിനിടെ ആകെ സംസാരിച്ചത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് മാത്രം.'സഹോദര തുല്യമായ ബന്ധമല്ല, യഥാർത്ഥ സഹോദരങ്ങളുടെ ബന്ധം തന്നെയാണ് ഞങ്ങളുടേത്. ഒരേ വഴിയിലൂടെ ഒരുമിച്ചു നടന്നവർ', കോടിയേരിയെക്കുറിച്ച് പിണറായി എഴുതിയ കുറിപ്പ്.
ഇന്നലെ വൈകിട്ട് പ്രിയ സഖാവിന്റെ മൃതദേഹം വഹിച്ചു കൊണ്ടുള്ള വിലാപയാത്രയിൽ മൂന്നു കിലോമീറ്ററോളം കാൽനടയായി പിണറായിയും അനുഗമിച്ചു. പ്രിയ സഖാവിന്റെ വേർപാടിൽ അനുശോചിക്കാൻ ചേർന്ന സർവ്വകക്ഷി യോഗത്തിലും പിണറായിക്ക് വാക്കുകൾ മുഴുമിപ്പിക്കാനായില്ല. വികാര നിർഭരമായ രംഗങ്ങൾക്കാണ് പയ്യാമ്പലം സാക്ഷ്യം വഹിച്ചത്.
കോടിയേരിയിലെ ഓണിയൻ സ്കൂളിൽ ഒൻപതാം ക്ളാസിൽ പഠിക്കുമ്പോഴാണ് കോടിയേരി ആദ്യമായി പിണറായി വിജയനെ കാണുന്നത്.സ്റ്റുഡന്റ്സ് ഫെഡറേഷന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു പിണറായി. അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് അതിക്രമത്തിൽ പരിക്കേറ്റ പിണറായി വിജയനെ ജയിലിൽ ശുശ്രൂഷിക്കാനുള്ള ചുമതലയും കോടിയേരിക്കായിരുന്നു. കോടിയേരിയുടെ വിയോഗത്തോടെ പിണറായിക്ക് രാഷ്ട്രീയ ജീവിതത്തിൽ നഷ്ടമായത് വൻമരത്തണൽ .