സാഗരം സാക്ഷി; സ്നേഹ സാഗരം എരിഞ്ഞടങ്ങി

Tuesday 04 October 2022 12:27 AM IST

കണ്ണൂർ: പൊതുദർശനത്തിനു വച്ച തലശേരി ടൗൺഹാളിൽ നിന്നു ഞായറാഴ്ച രാത്രി വൈകിയാണ് മൃതദേഹം കോടിയേരിയിലെ വീട്ടിലെത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമല വിജയനുമെത്തി രാവിലെ തന്നെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

അനേകായിരങ്ങൾ സാക്ഷി നിൽക്കേ വീട്ടുകാരും ബന്ധുക്കളും പ്രിയ കുടുംബനാഥന് കോടിയേരിയിലെ വീട്ടിൽ നിന്നും യാത്രമൊഴിയേകി.

അടക്കിപ്പിടിച്ച വിതുമ്പലും കണ്ണീരും നിറഞ്ഞ വീട്ടിൽ നിന്നും കോടിയേരിയുടെ മൃതദേഹം വിലാപയാത്രയായി രാവിലെ പതിനൊന്നു മണിയോടെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിലെത്തിച്ചു. മീത്തലെ പീടിക, മുഴപ്പിലങ്ങാട്, എടക്കാട്, ചാല,താഴെ ചൊവ്വ, മേലേ ചൊവ്വ എന്നിവിടങ്ങളിൽ ആളുകൾക്ക് അന്തിമോപചാരം അർപ്പിക്കാനുള്ള സൗകര്യമൊരുക്കിയിരുന്നു. മൃതദേഹം വഹിച്ചു കൊണ്ടുള്ള വാഹനമെത്തും മുമ്പ് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും സി.പി. എം നേതാക്കളും ജില്ലാ കമ്മിറ്റി ഓഫീസിലെത്തി.

തലശേരി ടൗൺഹാളിലും സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലും രണ്ട് ദിവസമായി പതിനായിരങ്ങളാണ് പ്രിയനേതാവിന് അന്ത്യോപചാരമർപ്പിക്കാനെത്തിയത്. ഏറെക്കാലം തന്റെ പ്രവർത്തന തട്ടകമായിരുന്ന ,സി.പി. എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിലേക്ക് അന്ത്യയാത്രക്കായി കോടിയേരിയുടെ മൃതദേഹമെത്തിച്ചപ്പോൾ ജനസാഗരമായി . സി.പി. എം ജില്ലാ കമ്മിറ്റി ഓഫീസിലെ തിരക്ക് നിയന്ത്രിക്കാൻ പൊലീസിനും റെഡ് വളണ്ടിയർമാർക്കും നന്നെ പാടുപെടേണ്ടി വന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സി.പി.എം ജില്ലാ കമ്മറ്റി ഓഫീസിലെത്തി പുഷ്പ ചക്രം അർപ്പിച്ചു. ഒരു മണിയോടെ എത്തിയ ഗവർണർ മുഖ്യമന്ത്രി പിണറായി വിജയനരികിൽ അൽപ്പ സമയം ഇരുന്ന ശേഷം കോടിയേരിയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ഗവർണർ എത്തുന്നത് പ്രമാണിച്ച് അൽപ്പ സമയം പൊതുദർശനം നിറുത്തിവച്ചിരുന്നു.

മുഷ്ടി ചുരട്ടിയുള്ള മുദ്രാവാക്യങ്ങൾക്ക് നടുവിൽ കണ്ണീരഭിവാദ്യങ്ങളുടെ ഇടയിലൂടെ പ്രിയ സഖാവ് അന്ത്യയാത്രയാകുകയായിരുന്നു. അതിരുകൾ മായ്ക്കുന്ന സ്‌നേഹ സൗഹൃദത്തിന്റെ പൂമരമായിരുന്ന കോടിയേരിയെ ഒരു നോക്കു കാണാനെത്തിയവരിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരുണ്ട്.ഇവിടെ കോടിയേരിക്കായി സ്മൃതിമണ്ഡപം ഒരുക്കും.

Advertisement
Advertisement