മുടങ്ങിയ വിദേശയാത്ര പുനഃക്രമീകരിച്ചു; മുഖ്യമന്ത്രി ഇന്ന് നോർവേയിലേയ്ക്, പുലർച്ചെ കൊച്ചിയിൽ നിന്നും പുറപ്പെടും

Tuesday 04 October 2022 1:20 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വി‌ജയൻ യൂറോപ്പിലേയ്ക്ക്. കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് മാറ്റിവെച്ച വിദേശ പര്യടനം പുനഃക്രമീകരിച്ചതിന്റെ ഭാഗമായി മുഖ്യമന്ത്രി പുലർച്ചെ 3.30ന് കൊച്ചിയിൽ നിന്നും നോർവേയിലെയ്ക്ക് യാത്ര തിരിക്കും. മന്ത്രിമാരായ പി രാജീവും വി അബ്ദുറഹ്മാനും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. നോർവേ സന്ദർശനത്തിന് ശേഷം ബ്രിട്ടണിലേയ്ക്കും മുഖ്യമന്ത്രി യാത്ര നടത്തുന്നുണ്ട്.

ഒക്ടോബർ രണ്ടിന് ഫിൻലാൻ‌ഡ് സന്ദ‌ർശനത്തോടെയായിരുന്നു മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ല വിദേശപര്യടനം ആരംഭിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ കോടിയേരിയുടെ രോഗാവസ്ഥ മൂർച്ചിച്ചതോടെ ഈ പദ്ധതി മാറ്റിവെയ്ക്കുകയായിരുന്നു. തുടർന്ന് കോടിയേരിയുടെ വിയോഗത്തെ തുട‌ർന്ന് അദ്ദേഹം കണ്ണൂരിലേയ്ക്ക് മടങ്ങി. മൃതദേഹം വഹിച്ച് കൊണ്ടുള്ള വിലാപയാത്ര മുതൽ ഇന്നലെ പയ്യാമ്പലം കടപ്പുറത്ത് നടന്ന സംസ്കാരചടങ്ങിൽ വരെ ആദ്യാവസാനം അദ്ദേഹം പങ്കെടുത്തിരുന്നു. തുടർന്ന് ഫിൻലാൻഡ് സന്ദർശനം വെട്ടിക്കുറച്ച് മുടങ്ങിയ വിദേശപര്യടനം പുനഃരാരംഭിക്കുക ആയിരുന്നു.