കളി നിർത്തിവയ്പ്പിച്ച അതിഥി നിസാരക്കാരനല്ല,  മൈതാനത്തെത്തിയ പാമ്പിന്റെ  ആഗമനോദ്ദേശം വെളിപ്പെടുത്തി സംഘാടകർ

Wednesday 05 October 2022 11:49 AM IST

ഗോഹട്ടി : ഇന്ത്യ -ദക്ഷിണാഫ്രിക്ക രണ്ടാം ടി ട്വന്റി മത്സരത്തിനിടെ മൈതാനത്തെത്തിയ പാമ്പിന്റെ ആഗമനോദ്ദേശം വെളിപ്പെടുത്തി സംഘാടകർ. ആസാമിലെ ബർസാപര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെയാണ് പാമ്പ് മൈതാനത്ത് ഓടിക്കളിച്ചത്. ഇതോടെ മത്സരം കുറച്ച് സമയത്തേയ്ക്ക് നിർത്തി വയ്‌ക്കേണ്ടി വന്നിരുന്നു. ഒടുവിൽ പാമ്പിനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയതിന് ശേഷമാണ് മത്സരം തുടങ്ങിയത്.

ഞായറാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യൻ ഇന്നിംഗ്സിന്റെ എട്ടാം ഓവർ തുടങ്ങുന്നതിന് മുമ്പായിരുന്നു പാമ്പിന്റെ രംഗപ്രവേശം. എന്നാൽ നാണക്കേടായ ഈ സംഭവത്തെ ചിരിച്ചുതള്ളാനാണ് ആസാം ക്രിക്കറ്റ് അസോസിയേഷൻ ഇഷ്ടപ്പെടുന്നത്. പാമ്പുകൾക്ക് ക്രിക്കറ്റ് കളി ആസ്വദിക്കാനും കളിക്കളത്തിലെ സൂപ്പർ താരങ്ങളെ കാണാനും ആഗ്രഹമുണ്ടെന്ന് ആസാം ക്രിക്കറ്റ് അസോസിയേഷൻ (എസിഎ) സെക്രട്ടറി ദേവജിത് സൈകിയ പ്രതികരിച്ചു.

' പാമ്പും മത്സരം ആസ്വദിക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്, ഒരുപക്ഷേ അത് കളിക്കാരെ നന്നായി കാണാനുള്ള ശ്രമമായിരുന്നിരിക്കാം, ഞങ്ങളുടെ പിച്ച് ക്യൂറേറ്റർമാരിൽ ഒരാൾ പാമ്പിനെ പിടികൂടിയപ്പോൾ പാമ്പ് വളരെ അസന്തുഷ്ടനായിരിക്കണം' എന്നാണ് മാദ്ധ്യമങ്ങളോട് സൈകിയയുടെ പ്രതികരണം. ഈ മത്സരത്തിൽ പാമ്പിനൊപ്പം ഫ്ളഡ് ലൈറ്റിനും തകരാർ സംഭവിച്ചു, വെളിച്ചത്തിന്റെ കുറവുകാരണം 15 മിനിട്ടാണ് മത്സരം തടസപ്പെട്ടത്.

മൂന്ന് വർഷത്തിന് ശേഷമാണ് ആദ്യമായി ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് ആസാം ആതിഥേയത്വം വഹിച്ചത്.