സെക്‌സി ദുർഗയുടെ ലിങ്ക് കൊടുക്കാമോ എന്ന് ചോദിച്ചാണ് മഞ്ജുവാര്യർ ആദ്യമായി എനിക്ക് മെസേജ് അയച്ചത്, പിന്നീട് കൺമുന്നിൽ നടന്നതെല്ലാം അത്ഭുതമായിരുന്നു: സനൽകുമാർ ശശിധരൻ അഭിമുഖം

Wednesday 05 October 2022 12:19 PM IST

മഞ്ജു വാര്യരോട് പ്രണയം തുറന്നു പറഞ്ഞുവെന്നത് സത്യം തന്നെയാണെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ. പല പ്രോജക്‌ടുകളും മാറ്റിവച്ചാണ് കയറ്റം എന്ന സിനിമയ‌്ക്ക് വേണ്ടി അവർ തനിക്ക് ഡേറ്റ് തന്നതെന്നും സനൽ വെളിപ്പെടുത്തുന്നു. കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈൻ അഭിമുഖത്തിലായിരുന്നു സനലിന്റെ പ്രതികരണം.

''കയറ്റം എന്ന സിനിമയുടെ കാരണം മഞ്ജു വാര്യരാണ്. അവരാണ് ആദ്യം എനിക്ക് മെസേജ് അയക്കുന്നത്. സെക്‌സി ദുർഗയുടെ ലിങ്ക് കൊടുക്കാവോ എന്ന് ചോദിച്ചുകൊണ്ടായിരുന്നു മെസേജ്. ആദ്യം എനിക്ക് വിശ്വാസമായില്ല. പിന്നീട് അവരത് കണ്ടിട്ട് വളരെ ഇഷ്‌ടപ്പെട്ടെന്ന് പറഞ്ഞു. എനിക്കൊപ്പം വർക്ക് ചെയ്യാൻ താൽപര്യമുണ്ടെന്നും അറിയിച്ചു.

കയറ്റം സിനിമയുടെ സ്ക്രിപ്‌റ്റിനെ കുറിച്ചു പറയുമ്പോൾ ഒരുപാട് അപകടങ്ങൾ സംഭവിച്ചേക്കാം എന്നാണ് ഞാൻ പറഞ്ഞത്. പക്ഷേ അതൊന്നും പ്രശ്‌നമല്ലെന്ന് അവർ പറഞ്ഞു. പല പ്രോജക്‌ടുകളും മാറ്റിവച്ചാണ് ഓഗസ്‌റ്റിൽ ഷൂട്ട് ചെയ്യാൻ മഞ്ജു തയ്യാറായത്. അവർക്കൊപ്പമുള്ള ഷൂട്ടിംഗ് കൺമുന്നിൽ നടക്കുന്ന അത്ഭുതമായിട്ടാണ് എനിക്ക് തോന്നിയത്.

മഞ്ജു വാര്യരോട് താൻ പ്രണയാഭ്യർത്ഥന നടത്തിയെന്നത് ശരിയാണെന്ന് സനൽകുമാർ ശശിധരൻ പറഞ്ഞു. അവർക്ക് തന്നോട് ആകർഷണം തോന്നിയിട്ടുള്ളതായി പലതവണ തോന്നിയിട്ടുണ്ടെന്നും, ചില പെരുമാറ്റങ്ങളിൽ നിന്ന് അത് വ്യക്തമായിരുന്നുവെന്നും സനൽ പറയുന്നു. ഒരു സന്ദർഭത്തിൽ മഞ്ജുവിനോട് തനിക്ക് സ്പിരിച്വൽ അട്രാക്ഷൻ തോന്നുന്നുവെന്ന് പറഞ്ഞപ്പോൾ അവരുടെ പ്രതികരണം എന്തായിരുന്നുവെന്ന് സ്ട്രെയിറ്റ് ലൈൻ അഭിമുഖത്തിലൂടെ അദ്ദേഹം വെളിപ്പെടുത്തുന്നു''.