സംസ്ഥാനത്ത് 7.31 ലക്ഷം പേർക്ക് കൂടി മുൻഗണനാ കാർഡ്

Thursday 06 October 2022 2:52 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് 7.31 ലക്ഷം പേർക്ക് കൂടി മുൻഗണനാ റേഷൻ അനുകൂല്യങ്ങൾ ലഭിക്കുന്നതിന് അർഹതയുണ്ടെന്ന് സിവിൽ സപ്ലൈസ് വകുപ്പ് കണ്ടെത്തി. നിലവിലെ റേഷൻ കാ‌‌ർഡുകളെല്ലാം ആധാറുമായി ലിങ്ക് ചെയ്തതോടെയാണ് ഇത്രയുംപേർക്ക് ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടെന്ന് വ്യക്തമായത്. ഇവർക്ക് അർഹിക്കുന്ന റേഷൻ വിഹിതം അധികമായി വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം രേഖാമൂലം കേന്ദ്രസർക്കാരിന് ഉടൻ കത്തയക്കും. നിലവിൽ എ.എ.വൈ (മഞ്ഞ)​,​ പി.എച്ച്.എച്ച് (പിങ്ക്)​ കാർഡുകളിൽ ഉൾപ്പെട്ട 1,52,999,12 പേർക്കാണ് സൗജന്യ റേഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നത്. ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലായശേഷം ആകെ ഗുണഭോക്താക്കളിൽ 43 ശതമാനം പേർക്കാണ് കേന്ദ്രസർക്കാർ മുൻഗണനാ ആനൂകൂല്യം നൽകിയത്. ഇത് അപര്യാപ്തമാണെന്നാണ് സംസ്ഥാനത്തിന്റെ പക്ഷം. ഇപ്പോൾ കേന്ദ്രം നിജപ്പെടുത്തിയ ഗുണഭോക്താക്കളുടെ ശതമാന കണക്കിൽ തന്നെ കേരളത്തിൽ നിന്നും 7.31ലക്ഷം പേർ കൂടി മുൻഗണനാ റേഷൻ കാർഡുകളിൽ പേരുള്ളവരായി മാറും.‌ 2011ലെ ജനസംഖ്യ അനുസരിച്ചാണ് ഗുണഭോക്താക്കളുടെ എണ്ണം നിശ്ചയിച്ചത്. അന്ന് റേഷൻ ഗുണഭോക്താക്കളുടെ ആകെ എണ്ണം 3.39 കോടിയായിരുന്നു. ഇന്നത് 3.56 കോടിയായി മാറി. വർദ്ധിച്ച ഗുണഭോക്താക്കളുടെ 43 ശതമാനമാണ് 6.88 ലക്ഷം

 റേഷൻ കാർഡ് ആധാറുമായി

ബന്ധിപ്പിക്കൽ: കേരളം ഒന്നാമത്

അധാർ കാർഡ് റേഷൻ കാർഡുമായി ബന്ധിപ്പിക്കുന്ന പ്രക്രിയ പൂർത്തിയാക്കിയ ആദ്യ സംസ്ഥാനമായി കേരളം. പ്രഖ്യാപനം വൈകാതെയുണ്ടാകും. മറ്റ് സംസ്ഥാനങ്ങളെ ആപേക്ഷിച്ച് മന്ദഗതിയിലാണ് ആധാർ ലിങ്ക്‌ഡ് പ്രക്രിയ മുന്നോട്ടു പോയിരുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെയാണ് നടപടിക്രമങ്ങൾ വേഗത്തിലായത്.

 സൗജന്യം ഇങ്ങനെ

എ.എ.വൈ (മഞ്ഞ)​

കാർഡ് ഒന്നിന് 30 കിലോ അരി, നാല് കിലോ ഗോതമ്പ് സൗജന്യം,​ കേന്ദ്രപദ്ധതി പ്രകാരം ഓരോ അംഗത്തിനും 5 കിലോ അരി സൗജന്യം.

 പി.എച്ച്.എച്ച് (പിങ്ക്)​​

ഓരോ അംഗത്തിനും നാല് കിലോ അരി, ഒരുകിലോ ഗോതമ്പ് രണ്ട് രൂപ നിരക്കിൽ. കേന്ദ്രപദ്ധതി പ്രകാരം ഓരോ അംഗത്തിനും 5 കിലോ അരി സൗജന്യം.

Advertisement
Advertisement