പോപ്പുലർ ഫ്രണ്ട് ബന്ധം: പൊലീസുകാരന് സസ്പെൻഷൻ
ആലുവ: ഹർത്താൽ ദിനത്തിൽ കെ.എസ്.ആർ.ടി.സി ബസ് തകർത്ത കേസിൽ പ്രതികളായ പോപ്പുലർ ഫ്രണ്ടുകാർക്ക് വേണ്ടി ഇടപെട്ട കാലടി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ പെരുമ്പാവൂർ സ്വദേശി സി.എ. സിയാദിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. പോത്താനിക്കാട് ഇൻസ്പെക്ടർ പി.എച്ച്. സമീഷ് നൽകിയ പ്രാഥമികാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റൂറൽ ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നടപടി.
പെരുമ്പാവൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജി.ഡി ചാർജിലുണ്ടായിരുന്നവരെയും മറ്റ് പൊലീസ് ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ട് സിയാദ് കേസ് സംബന്ധമായ വിവരങ്ങളും പ്രതികളുടെ ജാമ്യ സാദ്ധ്യതയും തിരക്കിയിരുന്നു. കാലടി സ്റ്റേഷനിലെ ഡ്യൂട്ടിക്കിടെ സിയാദ് മേലുദ്യോഗസ്ഥരുടെ അറിവില്ലാതെ പെരുമ്പാവൂർ പൊലീസിന്റെ കസ്റ്റഡിയിലുള്ള പ്രതികളെ സന്ദർശിച്ചു. സിയാദിന്റെ ഫോണിൽ നിന്ന് നിരന്തരം പോപ്പുലർ ഫ്രണ്ടുകാരുമായി ബന്ധം പുലർത്തിയിരുന്നതായും തെളിഞ്ഞു. ആലപ്പുഴയിൽ നടന്ന രാഷ്ട്രീയ കൊലപാതകത്തിന്റെ ചിത്രങ്ങൾ വാട്ട്സ് ആപ്പിലൂടെ സിയാദിന് ലഭിച്ചിരുന്നു.
പോപ്പുലർ ഫ്രണ്ടുകാർ കൊലപാതകം, യു.എ.പി.എ കുറ്റകൃത്യങ്ങളുമായി ബന്ധമുള്ളവരാണെന്ന് ബോദ്ധ്യമുണ്ടായിട്ടും അത്തരക്കാരുമായി ഇടപെടുന്നതിൽ ജാഗ്രത കാട്ടിയില്ലെന്നും ,സിയാദിന്റെ നടപടി അച്ചടക്ക ലംഘനവും പൊലീസ് സേനക്ക് അവമതിപ്പുണ്ടാക്കുന്നതുമാണെന്നും ഉത്തരവിൽ പറയുന്നു.സിയാദിനെതിരായ തുടരന്വേഷണം പുത്തൻകുരിശ് ഡിവൈ.എസ്.പി അജയ് നാഥിന് കൈമാറിയതായി റൂറൽ ജില്ലാ പൊലീസ് മേധാവി അറിയിച്ചു. 14 ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണം.