ദേശീയസുഗന്ധ വ്യഞ്ജന സമ്മേളനം ഇന്നും നാളെയും മുംബയിൽ

Thursday 06 October 2022 1:04 AM IST

കൊച്ചി: കൊച്ചി ആസ്ഥാനമായ വേൾഡ് സ്‌പൈസസ് ഓർനൈസേഷൻ സംഘടിപ്പിക്കുന്ന പ്രഥമ ദേശീയ സുഗന്ധവ്യഞ്ജന സമ്മേളനം നാഷണൽ സ്‌പൈസ് കോൺഫറൻസ് ഇന്നും നാളെയുമായി മുംബയിൽ നടക്കും.

ഇന്ത്യൻ ഭക്ഷ്യ ഗുണ നിലവാര നിയന്ത്രണ സ്ഥാപനങ്ങളായ എഫ്.എസ്.എസ്.എ.ഐ, ഐ.ഐ.എസ്.ആർ, നാഷണൽ റിസർച്ച് ഓർഗനൈസേഷൻ എന്നിവയുടെ മേധാവികളും ഭക്ഷ്യ ശാസ്ത്രജ്ഞരും സുഗന്ധ വ്യഞ്ജന സ്ഥാപനങ്ങളിലെ ഉയർന്ന ഉദ്യോഗസ്ഥരും രാജ്യാന്തര സന്നദ്ധ സംഘടനാ നേതാക്കളും പങ്കെടുക്കും.

ഭക്ഷ്യ സുരക്ഷാ നിയമങ്ങളിലെ പുതിയ പ്രവണതകൾ, ഉപഭോക്താവിന്റേയും ആവശ്യങ്ങളുടെയും സ്വഭാവത്തിൽ വരുന്ന മാറ്റങ്ങൾ തുടങ്ങി​യ വിഷയങ്ങൾ ചർച്ച ചെയ്യും. സുഗന്ധ വ്യഞ്ജന ഉത്പാദനമേഖലയിൽ അവലംബിക്കുന്ന നവീന സാങ്കേതിക വിദ്യകളും സമ്മേളനം ചർച്ച ചെയ്യും.
ഇന്ത്യയിലെ സുഗന്ധ വ്യഞ്ജനങ്ങളിൽ 85 ശതമാനവും ഇവിടെത്തന്നെ ഉപയോഗിക്കുന്നതുകൊണ്ട് ഗുണ നിലവാരം വളരെ പ്രധാനമാണെന്നും ഇക്കാര്യത്തിൽ ബോധവത്കരണം പ്രധാനമാണെന്നും വേൾഡ് സ്‌പൈസ് ഓർഗനൈസേഷൻ ചെയർമാൻ രാംകുമാർ മേനോൻ പറഞ്ഞു. രണ്ടു ലക്ഷത്തോളം കർഷകരെ പ്രതിനിധീകരിക്കുന്ന കാർഷിക ഉത്പാദക സംഘടനകളെ സംഘടിപ്പിച്ചുകൊണ്ടുള്ള ഇങ്ങനെയൊരു സമ്മേളനം രാജ്യത്ത് ഇതാദ്യമാണ്. ആഗോള ഡിമാന്റിന്റെ 48 ശതമാനവും ഉത്പാദിപ്പിക്കുന്ന ഇന്ത്യയാണ് ലോകത്തിലെ ഏറ്റവും വലിയ സുഗന്‌വ്യഞ്ജന ഉത്പാദകരും കയറ്റുമതിക്കാരും. 2022 ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള സുഗന്ധ വ്യഞ്ജന കയറ്റുമതി 1605 മില്യൺ ഡോളർ ആയി ഉയരുമെന്നാണ് പ്രതീക്ഷി​ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement
Advertisement