മാതാവും നവജാതശിശുവും മരിച്ച സംഭവം; ചികിത്സാപ്പിഴവിന് മൂന്ന് ഡോക്ടർമാർ അറസ്റ്റിൽ

Thursday 06 October 2022 12:09 AM IST

പാലക്കാട്: തങ്കം ആശുപത്രിയിൽ ചികിത്സയ്ക്കിടെ മാതാവും നവജാത ശിശുവും മരിച്ച സംഭവത്തിൽ സീനിയർ ഡോക്ടർ പ്രിയദർശിനി,​ ഡോ. നിള, ഡോ. അജിത് എന്നിവരെ ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസ്.

തത്തമംഗലം സ്വദേശി രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യയും (25)​ കുഞ്ഞും മരിച്ചത് ഡോക്ടർമാരുടെ പിഴവുമൂലമാണെന്നാണ് മെഡിക്കൽ ബോർഡിന്റെയും കണ്ടെത്തൽ. പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ചികിത്സാപ്പിഴവ് ചൂണ്ടിക്കാട്ടിയിരുന്നു.

കഴിഞ്ഞ ജൂലായ് മൂന്നിനാണ് കുഞ്ഞ് മരിക്കുന്നത്. തൊട്ടടുത്ത ദിവസം ഐശ്വര്യയും മരിച്ചു. സിസേറിയൻ വേണമെന്നാണ് ഡോക്ടർമാർ അറിയിച്ചിരുന്നത്. പിന്നീട് സാധാരണ പ്രസവം മതിയെന്ന് പറഞ്ഞു. പ്രസവത്തിനിടെ അമിത രക്തസ്രാവമുണ്ടായതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും മരിച്ചു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചികിത്സാപ്പിഴവ് ആരോപിച്ച് ആശുപത്രിയിൽ പ്രതിഷേധിച്ചു.

ഐശ്വര്യയുടെ ആരോഗ്യത്തെക്കുറിച്ച് ആശുപത്രി അധികൃതർ കൃത്യമായ വിവരങ്ങൾ നൽകിയില്ല. അനുമതി പത്രങ്ങൾ നിർബന്ധമായി വാങ്ങുകയായിരുന്നു. ഗർഭപാത്രം നീക്കിയതുപോലും തങ്ങൾ അറിഞ്ഞിരുന്നില്ലെന്ന് കുടുംബം ആരോപിച്ചു. തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.