കർഷകരിൽ നിന്ന് നെല്ല് സംഭരിക്കാൻ മൂന്ന് മില്ലുകൾ

Thursday 06 October 2022 1:39 AM IST

തിരുവനന്തപുരം: കർഷകരിൽ നിന്നും നെല്ല് സംഭരിച്ച് അരിയാക്കുന്നതിനുള്ള കരാറിൽ കോട്ടയത്തെ സെന്റ്‌ മേരിസ് പാഡി , എറണാകുളത്തെ മണ്ണൂർ അഗ്രോ ടെക്, പാലക്കാട്ടെ പാഡിക്കോ എന്നീ മില്ലുകൾ സപ്ലൈകോയുമായി കരാറിൽ ഏർപ്പെട്ടു.

കൊയ്ത്ത് തുടങ്ങിയതും കൊയ്യാനുള്ളതുമായ നെൽപ്പാടങ്ങളിലെ 9500 ടൺ നെല്ല് സംഭരിക്കുന്നതിനായി ഈ മില്ലുകൾക്ക് അനുമതി നൽകിയതായി മന്ത്രി ജി.ആർ.അനിൽ അറിയിച്ചു.

കൊയ്ത്തു കഴിഞ്ഞ് കെട്ടിക്കിടന്ന പാലക്കാട് ജില്ലയിലെ കാവശ്ശേരി പഞ്ചായത്തിലെ മൂപ്പുപറമ്പ് , തൃശ്ശൂർ ജില്ലയിലെ വിൽവട്ടം, അയ്യന്തോൾ എന്നീ പഞ്ചായത്തുകളിലെ വില്ലടം, വിയ്യൂർ, കോട്ടേപ്പാടം, ആര്യമ്പാടം എന്നീ പാടശേഖരങ്ങളിൽ നിന്നും ആലപ്പുഴ ജില്ലയിലെ കരിവാറ്റ, എടത്വ, പുന്നപ്ര എന്നീ പഞ്ചായത്തുകളിലെ ഈഴംകരി , ഇടശ്ശേരി വരമ്പിനകം, അഞ്ഞുറ്റുപ്പാടം എന്നീ പാടശേഖരങ്ങളിൽ നിന്നും ആകെ 560 ടൺ നെല്ല് സംഭരിച്ചിട്ടുണ്ട്. കൂടുതൽ മില്ലുകൾ സപ്ലൈകോയുമായി കരാറിൽ ഏർപ്പെടുമെന്നാണ് പ്രതീക്ഷ.

94706 കർഷകർ നെല്ല് സംഭരിക്കാൻ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്.