പി.എസ്.സി നിയമനം: റിപ്പോർട്ട് ചെയ്യാത്ത ഒഴിവുകളുടെ വിവരം കെ.എ.ടിക്ക് നൽകണം

Thursday 06 October 2022 2:51 AM IST

കൊച്ചി: പി.എസ്.സി റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനവുമായി ബന്ധപ്പെട്ട കേസിൽ, കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (കെ.എ.ടി) ആവശ്യപ്പെട്ടാൽ റിപ്പോർട്ടു ചെയ്യാത്ത ഒഴിവുകളുടെ വിവരങ്ങൾ മൂന്നു മാസത്തിനകം അറിയിക്കണമെന്നും, ഈ ഒഴിവുകളിലേക്ക് നിയമനം നടത്തേണ്ടെന്ന് സർക്കാർ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അതു വിശദീകരിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

കോഴിക്കോട് ജില്ലയിലെ യു.പി സ്കൂൾ അസിസ്റ്റന്റ് നിയമനവുമായി ബന്ധപ്പെട്ട കേസിൽ കെ.എ.ടി നൽകിയ ഉത്തരവിനെതിരെ പി.എസ്.സിയടക്കം നൽകിയ ഹർജികളിൽ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഈ നിർദ്ദേശം നൽകിയത്. പി.എസ്.സി റാങ്ക് ലിസ്റ്റിന്റെ കാലാവധിയിൽ റിപ്പോർട്ടു ചെയ്യാത്ത ഒഴിവുകളുണ്ടെങ്കിൽ അറിയിക്കാനാണ് നിർദ്ദേശിച്ചിട്ടുള്ളത്.

കോഴിക്കോട് ജില്ലയിലെ യു.പി സ്കൂൾ അസിസ്റ്റന്റ് തസ്തികയിൽ ഒഴിവുകളുണ്ടായിട്ടും നിയമനം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി, 2016 ൽ കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർത്ഥികൾ നൽകിയ ഹർജിയാണ് കെ.എ.ടി പരിഗണിച്ചത്. ആ കാലയളവിൽ നിലവിലുണ്ടായിരുന്ന ഒഴിവുകൾ പൂർണമായും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തില്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം. നൂറോളം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരുന്നില്ലെന്നു വിദ്യാഭ്യാസ വകുപ്പും വിശദീകരിച്ചു. തുടർന്ന് 58 ഒഴിവുകളിൽ 2016 ലെ റാങ്ക് ലിസ്റ്റിൽ നിന്നു നിയമനം നടത്താൻ കെ.എ.ടി ഉത്തരവിട്ടു. ഇതിനെതിരെയാണ് പി.എസ്.സിയും ചില ഉദ്യോഗാർത്ഥികളും ഹൈക്കോടതിയെ സമീപിച്ചത്. 2016 ൽ റിപ്പോർട്ടു ചെയ്യാത്ത ഒഴിവുകളുടെ പേരിൽ പിന്നീടു വന്ന ഒഴിവുകളിൽ നിയമനം നടത്താനാണ് കെ.എ.ടി ഉത്തരവിട്ടതെന്നു വിലയിരുത്തി ഹൈക്കോടതി ആ ഉത്തരവ് റദ്ദാക്കി. വിഷയം വീണ്ടും പരിഗണിച്ചു നാലുമാസത്തിനകം തീർപ്പാക്കാനും കെ.എ.ടിയോടു നിർദ്ദേശിച്ചു.