മകൻ ഡിസൈൻ ചെയ്യും, സാരിക്ക് അമ്മ മോഡൽ

Wednesday 05 October 2022 11:13 PM IST

കൊച്ചി: സാരികളിലെ സ്വന്തം ഡിസൈൻ സ്വന്തം അമ്മയിലൂടെ ലോകത്തെ അറിയിക്കുകയാണ് ആലപ്പുഴ ഹരിപ്പാട് സ്വദേശി ഫാഷൻ ഡിസൈനർ രാജീവ് പീതാംബരൻ. പുതിയ ഡിസൈൻ പരിചയപ്പെടുത്താൻ താരമൂല്യമുള്ള യുവതികൾ വേണമെന്ന കാഴ്ചപ്പാടിനെ തകിടംമറിച്ചാണ് രാജീവ് അമ്മ രമണിയെ മോഡലാക്കിയത്. പതിനെട്ടുകാരികൾ വിലസുന്ന ലോകത്ത് എഴുപത്തിരണ്ടുകാരിയായ അമ്മയെ മകൻ അങ്ങനെ താരമാക്കി.

23-ാം വയസിൽ ഉപരിപഠനത്തിനുശേഷം പല കമ്പനികൾക്കും ഡിസൈനർമാർക്കും സിനിമാ വസ്ത്രാലങ്കാര വിദഗ്ദ്ധർക്കുമൊപ്പം ജോലി ചെയ്ത രാജീവ് കൊവിഡിനു തൊട്ടുമുൻപ് 2018ലാണ് ഫാഷൻ ഡിസൈനിംഗിൽ സ്വതന്ത്ര പ്രവർത്തനം തുടങ്ങിയത്. സാരികൾക്ക് മോഡലായി അമ്മ മതിയെന്ന് അന്നേ തീരുമാനിച്ചു, 2012ൽ അച്ഛൻ പീതാംബരന്റെ മരണശേഷം ഇരുവരും കൊച്ചിയിലേക്ക് താമസം മാറ്റിയിരുന്നു.

രാജീവ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾക്ക് ലൈക്കിന്റെ പെരുമഴയായിരുന്നു. മറ്റ് വസ്ത്രങ്ങളും അമ്മയെ അണിയിച്ച് പരീക്ഷണങ്ങൾക്ക് ഒരുങ്ങുകയാണ് രാജീവ്. ഓൺലൈനിലൂടെയും ഫാഷൻ സ്റ്റോറുകളിലൂടെയുമാണ് വില്പന.

 അമ്മ സിനിമയിലും
മോഡലായി തിളങ്ങിയ രമണി​ ട്രാൻസ്, ഭൂതകാലം എന്നീ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. മണിരത്‌നം സിനിമകൾക്ക് വസ്ത്രാലങ്കാരമൊരുക്കുന്ന ഏകലകാനിയുടെ അസോസിയേറ്റായി തിളങ്ങിയ രാജീവ് ,പ്രശസ്ത നാടകകൃത്ത് പ്രൊഫ. ചന്ദ്രദാസന്റെ മലയാള നാടകത്തിനും സനൽ അമന്റെ 'ദ ലൗവർ' എന്ന ഇംഗ്ലീഷ് നാടകത്തിനും വസ്ത്രങ്ങളൊരുക്കി. മുംബയ്, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്ത രാജീവ് സിനിമകളുടെയും നാടകങ്ങളുടെയും വസ്ത്രാലങ്കാര രംഗത്ത് സജീവമായിരുന്നു.

പരുത്തി മാത്രം
പോച്ചംപിള്ളി കൈത്തറി, കാലാ കോട്ടൺ തുടങ്ങിയവയിലാണ് ഡിസൈനുകളൊരുക്കുക. ഇവ തയ്യാറാക്കി തെലങ്കാനയിലെ പോച്ചംപിള്ളി വസ്ത്ര നിർമ്മാണശാലയിലേക്ക് അയച്ചുകൊടുക്കും. അവർ വസ്ത്രം തയ്യാറാക്കി അയയ്ക്കും.

1,000 മുതൽ 6,000വരെയാണ് വില.

സൈനോടൈപ്പ് വിദഗ്ധൻ
തുണിയിൽ ഡിസൈനുകൾ ഒരുക്കുന്ന സൈനോടൈപ്പ് പ്രിന്റിംഗ് രീതിയിലും രാജീവ് മി​ടുക്കനാണ്. ഡാർക്ക് റൂമും സൂര്യപ്രകാശവുമുപയോഗിച്ചുള്ള പ്രിന്റിംഗ് രീതിയാണിത്. വിദേശത്താണ് ഇതിന് വേരോട്ടം കൂടുതൽ.


അമ്മയെ മോഡലാക്കാൻ ഉറച്ച തീരുമാനമെടുത്തു. പഴയ മാതൃകകൾ തിരുത്തപ്പെടണം
രാജീവ് പീതാംബരൻ

മകന്റെ ആഗ്രഹങ്ങൾക്കൊപ്പം നിൽക്കുമ്പോൾ ലഭിക്കുന്ന സന്തോഷത്തിന് അതിരില്ല
രമണി.