ട്രേഡ് സെന്റർ അഴിമതി: 6.03 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

Wednesday 05 October 2022 11:26 PM IST

കൊച്ചി: കേരള ട്രേഡ് സെന്റർ (കെ.ടി.സി) കെട്ടിട അഴിമതിക്കേസിൽ കേരള ചേംബർ ഒഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (കെ.സി.സി.ഐ) മുൻ ചെയർമാൻ കെ.എൻ. മർസൂക്കിന്റെയും മറ്റു പ്രതികളുടെയും 6.03 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കലിനെതിരായ നിയമപ്രകാരമാണ് നടപടി.

കെ.ടി.സിയിൽ നിർമ്മിച്ച ഫ്ലാറ്റുമായി ബന്ധപ്പെട്ട് എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ, കള്ളപ്പണ നിരോധന നിയമ പ്രകാരം ഇ.ഡി അന്വേഷണം നടത്തുകയായിരുന്നു. കെ.സി.സി.ഐയുടെ പേരിലുള്ള എറണാകുളത്തെ കേരള ട്രേഡ് സെന്ററിന്റെ ഭൂമി, പാർപ്പിട വാണിജ്യ കെട്ടിടങ്ങളുടെ ബാങ്ക് അക്കൗണ്ട് രേഖകൾ എന്നിവയാണ് കണ്ടുകെട്ടിയത്.ഫ്ളാറ്റുകളുടെ വില്പനയ്ക്കായി കെ.എൻ. മർസൂക്ക് ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തിയെന്നാണ് കണ്ടെത്തൽ. ഫ്ലാറ്റിനായി സമീപിച്ചവരിൽ നിന്ന് അനധികൃതമായി പണം കൈപ്പറ്റിയെന്നും ,ഇതിലൂടെ കള്ളപ്പണ ഇടപാട് നടന്നെന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇത്തരത്തിൽ കൈപ്പറ്റിയ പണം മർസൂക്ക് സ്വകാര്യ ടി.വി ചാനൽ ആരംഭിക്കാനായി വകമാറ്റി ചെലവഴിച്ചെന്നും ഇ.ഡി വ്യക്തമാക്കുന്നു.