ലോക സമാധാന സമ്മേളനം പരിഗണിക്കുമെന്ന് നോബൽ പീസ് സെന്റർ

Wednesday 05 October 2022 11:28 PM IST

തിരുവനന്തപുരം: ലോക സമാധാന സമ്മേളനം വിളിച്ചുചേർക്കാനുള്ള കേരള സർക്കാരിന്റെ ആവശ്യത്തെ ഗൗരവമായി പരിഗണിക്കുമെന്ന് നോബൽ പീസ് സെന്റർ എക്സിക്യുട്ടീവ് ഡയറക്ടർ കെജെർസ്റ്റി ഫ്ലോഗ്സ്റ്റാഡ് പറഞ്ഞതായി മുഖ്യമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പിൽ അറിയിച്ചു. സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകുന്ന സ്ഥാപനമാണ് നോർവേയിലെ നോബൽ പീസ് സെന്റർ.

നോർവേ സന്ദർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിലാണ് കെജെർസ്റ്റി ഈ ഉറപ്പു നൽകിയത്.

കേരള സർക്കാരിന്റെ കഴിഞ്ഞ ബഡ്ജറ്റിൽ ലോക സമാധാന സമ്മേളനം സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കൂടിക്കാഴ്ചയിൽ നോബൽ പീസ് സെന്ററുമായി സഹകരിച്ചു ഇത്തരമൊരു കൂട്ടായ്മ സംഘടിപ്പിക്കാൻ മുഖ്യമന്ത്രി താത്പര്യം പ്രകടിപ്പിച്ചു. ഒരു സർക്കാർ ഇത്തരമൊരു സമ്മേളനം വിളിച്ചുചേർക്കുന്നത് ഏറെ സന്തോഷപ്രദമായ കാര്യമാണെന്ന് ഫ്ലോഗ്സ്റ്റാഡ് പറഞ്ഞു. സമാധാനത്തിനുള്ള നോബൽ സമ്മാനം വെള്ളിയാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് തിരക്കുകൾ മാറ്റിവച്ച് എക്സിക്യുട്ടീവ് ഡയറക്ടർ കൂടിക്കാഴ്ചക്ക് തയ്യാറായത്. കേരളത്തിന്റെ ഔദ്യോഗിക നിർദ്ദേശം ഈ വിഷയത്തിൽ ലഭിക്കുകയാണെങ്കിൽ അതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി.

Advertisement
Advertisement