മറുകിനൊപ്പം ജീവിച്ച പ്രഭുലാൽ ഇനി ഓർമ്മ

Thursday 06 October 2022 12:46 AM IST

ഹരിപ്പാട്:ചെറിയൊരു മറുകുപോലെ ജന്മനാ ശരീരത്ത് പ്രത്യക്ഷപ്പെട്ട് ഒടുവിൽ,മുഖമുൾപ്പെടെ 80 ശതമാനം ഭാഗത്തേക്ക് വ്യാപിച്ചി​ട്ടും ആത്മവിശ്വാസത്തോടെ സമൂഹത്തിൽ ഇടപഴകിയ പ്രഭുലാൽ പ്രസന്നൻ (25) ഓർമ്മയായി​.കോഴിക്കോട് എം.വി.ആർ കാൻസർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ചി​കിത്സയിലിരിക്കെയാണ് മരണം.തൃക്കുന്നപുഴ പല്ലന കൊച്ചുതറ തെക്കതിൽ പ്രസന്നൻ,​ബിന്ദു ദമ്പതികളുടെ മകനായ പ്രഭുലാൽ പ്രസന്നൻ കലാരംഗത്തും സജീവ സാന്നിദ്ധ്യമായിരുന്നു.മുഖത്തും ശരീരത്തുമുള്ള വലിയ മറുകിന്റെ പേരിലാണ് പ്രഭുലാലിനെ എല്ലാവർക്കും പരിചിതം.'എന്റെ മുഖത്തെ കറുത്ത മറുകാണ് എന്റെ അടയാളം,അത് തന്നെ ലോകത്തിൽ വേറിട്ട വ്യക്തിത്വമായി നിലനിറുത്തുന്നു-' പ്രഭുലാലിന്റെ ഫേസ്ബുക്കിലെ ഈ വാക്കുകളിൽ തന്നെയുണ്ട് ആത്മധൈര്യം.മുഖത്തും വയറ്റിലും നെഞ്ചിലുമായി വളർന്നിറങ്ങിയ മറുക് ശരീരത്തെ കവർന്നെടുത്തുകൊണ്ടിരുന്നു.

മാലിഗ്നന്റ് മെലോമ എന്ന സ്​കിൻ കാൻസർ ആണ് മരണത്തിന് കാരണം.കഴിഞ്ഞ മാർച്ചിലാണ് വലത് തോൾഭാഗത്തു കാണപ്പെട്ട മുഴ പഴുത്തു അസഹനീയമായ വേദനയുണ്ടായത്.തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൂന്ന് ശാസ്ത്രക്രിയകൾ നടത്തിയെങ്കിലും മുഴ വീണ്ടും വന്നു.പഴുത്ത് വലത് കൈക്ക് സ്വാധീനം കുറയുകയും ചെയ്തോടെയാണ് സ്​കിൻ കാൻസറാണെന്ന് തിരിച്ചറിഞ്ഞത്.തുടർന്ന് വിദഗ്ദ്ധ ചികിത്സയിലിരിക്കെയാണ് അന്ത്യമുണ്ടായത്. മറുക് തന്റെ വ്യക്തി ജീവിതത്തെ തെല്ലും ബാധിച്ചിട്ടില്ലെന്ന് സമൂഹത്തിന് കാണിച്ചു നൽകിയ പ്രഭുലാൽ സിനിമയിലും അഭിനയിച്ചിട്ടുണ്ട്.നിസാര കാര്യങ്ങൾക്ക് തളർന്നു പോകുന്ന തലമുറയ്ക്ക് ആത്മവിശ്വാസം പകരുന്നതായിരുന്നു പ്രഭുലാലിന്റെ ജീവിതം.