അക്ഷരചൈതന്യം പകർന്ന് ശിവഗിരി ശാരദാസന്നിധി
ശിവഗിരി: ശിവഗിരിയിൽ ശ്രീനാരായണഗുരുദേവൻ പ്രതിഷ്ഠിച്ച വിദ്യാദേവതയായ ശാരദാദേവിയുടെ സന്നിധിയിൽ ഇന്നലെ നൂറുകണക്കിന് കുട്ടികൾ ഹരിഃശ്രീ കുറിച്ചു. വിവിധ ജില്ലകളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമായി മാതാപിതാക്കൾക്കൊപ്പം എത്തിയ കുരുന്നുകൾക്ക് ശിവഗിരിയിലെ സന്യാസിമാരാണ് അക്ഷരവെളിച്ചം പകർന്നത്. ശ്രീനാരായണധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, ഗുരുധർമ്മ പ്രചാരണ സഭ സെക്രട്ടറി സ്വാമി ഗുരു പ്രസാദ്, സ്വാമി വിശാലാനന്ദ, സ്വാമി ബോധിതീർത്ഥ, സ്വാമി അമേയാനന്ദ, സ്വാമി മഹാദേവാനന്ദ, സ്വാമി ശിവനാരായണ തീർത്ഥ, സ്വാമി ജ്ഞാനതീർത്ഥ, സ്വാമി ഗുരുപ്രഭാനന്ദ, സ്വാമി ഹംസതീർത്ഥ, സ്വാമി ചിദ്രൂപാനന്ദ, വിശ്വസംസ്കാരഭവൻ സെക്രട്ടറി സ്വാമി ശങ്കരാനന്ദ എന്നിവരാണ് കുരുന്നുകളെ എഴുത്തിനിരുത്തിയത്. വിദ്യാരംഭത്തോടനുബന്ധിച്ച് പുലർച്ചെ മഹാസമാധിയിലും ശാരദാസന്നിധിയിലും വിശേഷാൽ പൂജകളും പ്രാർത്ഥനകളും നടന്നു.