ലഹരിക്കെതിരെ നവകേരള മുന്നേറ്റം കാമ്പയിൻ ഇന്ന് തുടക്കം

Thursday 06 October 2022 12:20 AM IST

പത്തനംതിട്ട : മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയർത്താനുള്ള സർക്കാരിന്റെ വിപുലമായ പ്രചാരണ പരിപാടികൾക്ക് ഇന്ന് തുടക്കമാകും. നവംബർ 1 കേരളപ്പിറവി ദിനം വരെയാണ് ആദ്യഘട്ട പ്രചാരണം. സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജ് അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാർഡുകളിലെ പ്രധാന കേന്ദ്രങ്ങളിലും ഗ്രന്ഥശാലകളിലും വിപുലമായ പരിപാടികളോടെ ഉദ്ഘാടന ചടങ്ങ് നടക്കും. രാവിലെ 9.30നാണ് പരിപാടി. 10 മണിക്ക് സംസ്ഥാനത്തെ എല്ലാ കേന്ദ്രങ്ങളിലെയും പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും.

ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി നാളെ കുട്ടികളുടെ ക്ലാസ് റൂം ഡിബേറ്റുകളും നടക്കും. എല്ലാ വിദ്യാലയങ്ങളിലും കോളേജുകളിലും ഓരോ ക്ലാസ് റൂമിലും മയക്കുമരുന്നിനെ സംബന്ധിച്ച് ചർച്ചയും സംവാദവും സംഘടിപ്പിക്കും. വിദ്യാർത്ഥികളുടെ ചർച്ചയും അദ്ധ്യപകന്റെ ക്രോഡീകരണവും നടക്കും.

ഇന്നും നാളെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പി.ടി.എ, എം.പി.ടി.എ വികസനസമിതി നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവൽകരണ പരിപാടിയും സംഘടിപ്പിക്കും. നവംബർ ഒന്നിന് നടക്കുന്ന മനുഷ്യശൃംഖലയുടെ ആസൂത്രണവും ഈ യോഗത്തിൽ നടക്കും.