ആ കാറുകാർ കാണിച്ചത് വളരെ ചതിയാണ്, വടക്കഞ്ചേരി അപകടത്തിൽ പ്രതികരണവുമായി കെഎസ്ആർടിസി ബസ് കണ്ടക്‌ടർ

Thursday 06 October 2022 10:07 AM IST

പാലക്കാട്: 'ആദ്യം കണ്ടപ്പോൾ തന്നെ വല്ലായ്‌മ തോന്നി. പുറത്തിറങ്ങി നോക്കിയപ്പോൾ ഒരാൾ മരിച്ചു കിടക്കുന്നതാണ് കണ്ടത്. ഒരാളുടെ കൈയറ്റു കിടക്കുന്നു, കാലുകൾ മുറിഞ്ഞി കിടക്കുന്നു. വല്ലാത്തൊരു അവസ്ഥയായിരുന്നു അത്'.വടക്കഞ്ചേരിയിൽ അപകടത്തിൽ പെട്ട കെഎസ്ആർടിസി ബസിലെ കണ്ടക്‌ടറുടെ വാക്കുകളാണിത്. രക്ഷാപ്രവർത്തനത്തിന് ആദ്യഘട്ടത്തിൽ അതുവഴി കടന്നുപോയ വാഹനങ്ങളൊന്നും തയ്യാറായില്ലെന്ന് അദ്ദേഹം പറയുന്നു.

പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ നോക്കിയപ്പോൾ മൂന്നാല് കാറുകാർ കാണിച്ചത് വളരെ ചതിയാണ്. ഒന്നു കൊണ്ടുപോകാമോ എന്നു ചോദിച്ചപ്പോൾ സമ്മതിക്കില്ല എന്ന് പറഞ്ഞ് അവർ പോവുകയായിരുന്നു. അതിന്റെ പിന്നിലായിട്ട് വന്ന പിക്കപ്പുകാരാണ് സഹായിച്ചത്. നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ വളരെയധികം സഹായിച്ചുവെന്ന് കെഎസ്ആർടിസി ജീവനക്കാർ പറഞ്ഞു.

വടക്കഞ്ചേരിയിൽ കെ എസ് ആർ ടി സി ബസിന് പിന്നിൽ വിദ്യാർത്ഥികൾ സഞ്ചരിച്ച ടൂറിസ്‌റ്റ് ബസ് ഇടിച്ചുകയറിയ അപകടത്തിൽ ഒമ്പത് ജീവനാണ് പൊലിഞ്ഞത്. അമ്പതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ‌്തു. ടൂറിസ്‌റ്റ് ബസ് ഡ്രൈവറുടെ അമിത വേഗമാണ് അപകടകാരണം. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് കെഎസ്ആർടിസി ബസിന്‍റെ പിന്നില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചത്.

അമിത വേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിന്‍റെ പുറകിലിടിച്ചശേഷം തലകീഴായി മറിയുകയായിരുന്നു. ഇടിച്ചശേഷം നിരങ്ങി നീങ്ങി ചതുപ്പിലേക്ക് മറിയുകയായിരുന്നു. കെഎസ്ആർടിസി ബസിനെ മറികടക്കാനുള്ള ശ്രമത്തിലാണ് അപകടം ഉണ്ടായത്. ടൂറിസ്റ്റ് ബസിൽ ഉണ്ടായിരുന്നവരെ പുറത്തെടുക്കാൻ ഉള്ള ശ്രമം ദുഷ്കരമായിരുന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് പലരേയും പുറത്തെടുത്തത്. ചിലർക്ക് അപകട സ്ഥലത്ത് തന്നെ മരണം സംഭവിച്ചിരുന്നു . കെഎസ്ആർടിസിയിലെ യാത്രക്കാർ പലരും റോഡിൽ തെറിച്ചുവീണ നിലയിൽ ആയിരുന്നു.

പാ​​​ല​​​ക്കാ​​​ട് ​​​വ​​​ട​​​ക്ക​​​ഞ്ചേ​​​രി​​​ ​​​അ​​​ഞ്ചു​​​മൂ​​​ർ​​​ത്തി​​​ ​​​മം​​​ഗ​​​ലം​​​ ​​​കൊ​​​ല്ല​​​ത്ത​​​റ​​​ ​​​ബ​​​സ്റ്റോ​​​പ്പി​​​ന് ​​​സ​​​മീ​​​പ​​​ത്ത് ​​​അർദ്ധരാത്രി​​​ 12.30​​​ ​​​ഓ​​​ടെ​​​യാ​​​ണ് ​​​സം​​​ഭ​​​വം.​​​ എറണാകുളം ​മു​​​ള​​​ന്തു​​​രു​​​ത്തി​​​ ​​​വെട്ടിക്കൽ മാർ ​​​ബ​​​സേ​​​ലി​​​യോ​​​സ് ​​​വി​​​ദ്യാനികേതൻ സ്കൂളിൽ​​​ ​​​നി​​​ന്ന് ​​​ഊ​​​ട്ടി​​​യി​​​ലേ​​​ക്ക് ​​​വി​​​നോ​​​ദ​​​യാ​​​ത്ര​​​യ്ക്ക് ​​​പോ​​​യ​​​ ​​​കു​​​ട്ടി​​​ക​​​ൾ​​​ ​​​സ​​​‍​​​ഞ്ച​​​രി​​​ച്ച​​​ ​​​ബ​​​സ് ​കൊ​ട്ടാ​ര​ക്ക​ര​യി​ൽ​ ​നി​ന്ന് ​കോ​യ​മ്പ​ത്തൂ​രേ​ക്ക് ​പോ​വു​ക​യാ​യി​രു​ന്ന​ ​​​കെ.​​​എ​​​സ്.​​​ആ​​​ർ.​​​ടി.​​​സി​​​ ​​​ബ​​​സി​​​ന്റെ​​​ ​​​പി​​​ന്നി​​​ലി​​​ടി​​​ച്ച് ​​​ ​മ​റി​യു​ക​യാ​യി​രു​ന്നു.​

അപകടത്തിന് കാരണമായ ടൂറിസ്‌റ്റ് ബസ് ബ്ളാക്ക് ലിസ്‌റ്റിൽ പെട്ടതെന്നാണ് വിവരം. കോട്ടയം ആർടിഒയുടെ കീഴിൽ ഈ ബസ് ബ്ളാക്ക് ലിസ്‌റ്റിൽ പെടുത്തിയിട്ടുണ്ട്. അരുൺ എന്നയാളാണ് ബസിന്റെ ഉടമ. KL05AU8890 എന്ന നമ്പരിലുള്ളതാണ് ബസ്. ഈ ബസിനെതിരെ അഞ്ച് കേസുകൾ രജിസ്‌റ്റർ ചെയ‌്‌തിട്ടുണ്ടെന്നാണ് മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.

മിന്നിത്തിളങ്ങുന്ന ലൈറ്റുകൾ സഹിതം സ്ഥാപിച്ചതിനടക്കമാണ് ബസിനെതിരെയുള്ള കേസുകൾ. എതിരെ വരുന്ന വാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലാണ് ഇത്തരം ലൈറ്റുകൾ ഈ ബസിൽ സ്ഥാപിച്ചിട്ടുള്ളത്. നിയമവിരുദ്ധമായി എയർഹോൺ, ചട്ടം ലംഘിച്ച് റോഡിലൂടെ വാഹനം ഓടിച്ചത് എന്നിവയടക്കമാണ് മറ്റു കേസുകൾ.

എന്നാൽ ബ്ളാക്ക് ലിസ്‌റ്റിൽപെടുത്തിയാലും സർവീസ് നടത്തുന്നതിന് തടസമില്ല. ഈ ആനുകൂല്യം മുതലെടുത്താണ് ബസ് നിരത്തിലോടിയതെന്നാണ് മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ പ്രതികരിച്ചത്. സ്കൂൾ അധികൃതരുടെ ഭാഗത്തു നിന്നും വീഴ്‌ചയുണ്ടായി എന്നാണ് അറിയാൻ കഴിയുന്നത്. ഏതു വാഹനത്തിലാണ് വിദ്യാർത്ഥികളുമായി യാത്ര ചെയ്യാൻ പോകുന്നതെന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ സ്കൂൾ അധികൃതർ അറിയിക്കേണ്ടതുണ്ട്. ഇത് പാലിക്കപ്പെട്ടിട്ടില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.