വടക്കഞ്ചേരി അപകടം; ഡ്രൈവർ ജോജോ പത്രോസിനെതിരെ നരഹത്യയ്‌ക്ക് കേസ്, ലൈസൻസ് റദ്ദാക്കാൻ നടപടി തുടങ്ങി

Friday 07 October 2022 11:16 AM IST

തൃശൂ‌ർ: വടക്കഞ്ചേരിയിൽ കെഎസ്‌ആർടിസി‌ ബസിലേക്ക് ടൂറിസ്‌റ്ര് ബസ് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ടൂറിസ്‌റ്റ് ബസ് ഡ്രൈവർക്കെതിരെ നരഹത്യയ്‌ക്ക് കേസെടുത്ത് പൊലീസ്. ബസ് ഡ്രൈവർ ജോജോ പത്രോസിനെതിരായാണ് കേസെടുത്തത്. അപകട സമയത്ത് മദ്യപിച്ചിരുന്നോ എന്നറിയാൻ ഇയാളുടെ രക്തസാമ്പിൾ പരിശോധനക്കയച്ചു. ജോജോയുടെ ലൈസൻസ് റദ്ദാക്കാനുള‌ള നടപടി തുടങ്ങി.

അപകടത്തിന് നാല് സെക്കന്റ് മുൻപ് ജിപിഎസ് അലർട്ട് ആർ‌ടി ഓഫീസിലേക്ക് എത്തിയിരുന്നു. 11.30.35നാണ് അലർട്ട് എത്തിയത്. 11.30.39ന് ബസ് കെഎസ്‌ആർടിസി ബസിൽ ഇടിച്ചുകയറി അപകടമുണ്ടായി. 97.7 കിലോമീറ്റർ വേഗതയിലാണ് ബസ് മുന്നിൽ പോയ സൂപ്പർ ഫാസ്‌റ്റിൽ ഇടിച്ചുകയറിയത്. അപകടത്തിൽ കെഎസ്‌ആർടിസി ബസിന്റെ കുറച്ച് ഭാഗം ടൂറിസ്‌റ്ര് ബസിൽ കുടുങ്ങിയിരുന്നു.

അപകടമുണ്ടാക്കിയ ലൂമിനസ് ഹോളിഡേയ്‌സ് എന്ന ഈ ടൂറിസ്റ്റ് ബസിന് നിയമലംഘനത്തിന് പിഴ ചുമത്തിയത് നാലുതവണയാണ്. ഇതിൽ മൂന്നെണ്ണത്തിന് പിഴയടച്ചിട്ടില്ല. ഇതോടെ മോട്ടോർ വാഹനവകുപ്പ് ബസ് കരിമ്പട്ടികയിൽ പെടുത്തിയിരുന്നു. നിയമവിരുദ്ധമായി ലൈറ്റുകൾ പിടിപ്പിച്ചതിന് മൂന്നു തവണയാണ് പിഴയിട്ടത്. തെറ്റായ ദിശയിലെ പാർക്കിംഗിന് ഒരു തവണയും. പാമ്പാടി പങ്ങട തെക്കേമറ്റം എസ്. അരുണിന്റെ പേരിൽ കോട്ടയം ആർ.ടി ഓഫീസിലാണ് 2019ൽ ബസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇയാളിൽ നിന്ന് പിറവത്തെ ടൂർ പാക്കേജ് എജൻസി ലീസിന് എടുത്ത് സർവീസ് നടത്തുകയായിരുന്നു.