110 കിലോമീറ്റർ വേഗത്തിൽ സ്വിഫ്‌റ്റിനെ പറപ്പിക്കാൻ കെഎസ്‌ആർ‌ടി‌സി; സ്‌പെഷ്യൽ ഓഫീസറുടെ നിർദേശം വിവാദമായി

Friday 07 October 2022 11:59 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ മോട്ടോർ വാഹന നിയമപ്രകാരമുള‌ള ഹെവി പാസഞ്ചർ വാഹനങ്ങളുടെ പരമാവധി വേഗപരിധി മറികടന്നുള‌ള വേഗത്തിന് കെഎസ്‌ആർ‌ടി‌സി സ്വിഫ്‌റ്റ് ബസുകൾക്ക് നിർദേശം. സ്വിഫ്‌റ്റ് സ്‌പെഷ്യൽ ഓഫീസർ കഴിഞ്ഞ ജൂലായിൽ പുറത്തിറക്കിയ നിർദ്ദേശത്തിൽ മണിക്കൂറിൽ 110 കിലോമീറ്റർ വേഗത്തിൽ സ്വിഫ്‌റ്റിന് പായാമെന്നാണ് പറയുന്നത്. സംസ്ഥാന-ദേശീയ പാതകളിൽ 65 കിലോമീറ്ററും നാലുവരി പാതകളിൽ പരമാവധി 70 കിലോമീറ്ററുമെന്ന് മോട്ടോ‌ർ വാഹന നിയമം പ്രാബല്യത്തിലിരിക്കെയാണിത്.

സ്വിഫ്‌റ്റ് ബസുകളുടെ പ്രവർ‌ത്തനം സംബന്ധിച്ച് പുറത്തിറക്കിയ നിർദേശത്തിലാണ് ഇക്കാര്യം പ്രത്യേകം പരാമർശിച്ചിരിക്കുന്നത്. മാത്രമല്ല ഇടയ്‌ക്കുള‌ള ടെ‌ർമിനൽ ഗ്യാപ് വർദ്ധിക്കാനും സ്വിഫ്‌റ്റ് ബസുകളുടെ ഷെഡ്യൂൾ എല്ലാ യൂണിറ്റിലും ലഭ്യമാക്കി ഓപ്പറേഷൻ കുറ്റമറ്റതായി നടത്തണമെന്നും നിർദേശമുണ്ട്. സർവീസുകളുടെ ഷെഡ്യൂൾ സമയം ബസിലും സ്‌റ്റേഷനിലും പ്രദർശിപ്പിക്കണം. ഗതാഗത സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലെ നിർദേശമനുസരിച്ചാണ് ഇത്തരത്തിൽ ഉത്തരവിറക്കിയതെന്നാണ് റിപ്പോർട്ടുകൾ. സ്വിഫ്‌റ്റ് ബസുകൾക്ക് നിർദേശിച്ച സമയത്ത് ഓടിയെത്താൻ ഈ സ്‌പീഡിൽ യാത്ര വേണമെന്ന വിലയിരുത്തലിലാണ് സ്വിഫ്‌റ്റ് സ്‌പെഷ്യൽ ഓഫീസർ നിർദേശം പുറത്തിറക്കിയത്.

വടക്കഞ്ചേരിയിൽ അപകടമുണ്ടാക്കിയ ടൂറിസ്‌റ്റ് ബസ് 97.72 കിലോമീറ്റർ വേഗത്തിൽ പാഞ്ഞുവന്ന് ഇടിച്ചതാണ് ഇത്രവലിയ ദുരന്തത്തിന് കാരണമായതെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് സ്വി‌ഫ്റ്റിന് നൽകിയ നിർദ്ദേശവും വെളിവായത്. നിർദ്ദേശം ഇനിയും പിൻവലിച്ചിട്ടില്ല.