യെല്ലോ ബ്ളാസ്റ്റ്

Saturday 08 October 2022 1:14 AM IST
ആവേശം വാനോളം...കൊച്ചി ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ ഐ.എസ്.എൽ മത്സരം കാണാനെത്തിയ കേരള ബ്ളാസ്റ്റേഴ്സ് ആരാധകരുടെ ആഹ്ളാദം ഫോട്ടോ: എൻ.ആർ.സുധർമ്മദാസ്

കൊച്ചി: കണ്ണു തുറന്നാൽ മുന്നിൽ മഞ്ഞക്കടൽ. കൊച്ചി ഇന്നലെ അക്ഷരാർത്ഥത്തിൽ അങ്ങിനെയായിരുന്നു. എങ്ങും മഞ്ഞപ്പൂവിരിഞ്ഞ പോലെ ബ്ലാസ്‌റ്റേഴ്‌സ് ആരാധകർ ടീം ജഴ്‌സി ധരിച്ച് നിറഞ്ഞിരിക്കുന്നു. ഒപ്പം വുവുസേലയുടെയും ചെണ്ടമേളത്തിന്റെയും കാതടപ്പിക്കുന്ന ആരവവും. മഹാമാരിപ്പേടിയിൽ ഗോവയിലൊതുങ്ങിപ്പോയ ഐ.എസ്.എൽ മാമാങ്കം കൊച്ചിയിലേക്ക് തിരിച്ചെത്തുമ്പോൾ ഇങ്ങിനെയല്ലെങ്കിൽ പിന്നെ എങ്ങിനെയാണ് സ്വീകരിക്കുകയെന്ന മറുചോദ്യമായിരുന്ന ആരാധാകർ ഓരോരുത്തർക്കും.

കിക്കോഫ് രാത്രി 7.30ന് ആയിരുന്നെങ്കിലും രാവിലെ മുതൽ തന്നെ സ്റ്റേഡിയവും പരിസരവും പൂരത്തിനുള്ള വരവ് അറിയിച്ചിരുന്നു. വടക്ക് കാസർകോട് മുതൽ തെക്ക് തിരുവനന്തപുരം വരെയുള്ള ഫുട്ബാൾ ആരാധകർ കൂട്ടം കൂട്ടമായി വാഹനങ്ങളിൽ രാവിലെ തന്നെ എത്തിയിരുന്നു. ഉച്ചയ്ക്ക് ശേഷം ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഒരു പുഴപോലെ കലൂരിലേക്ക് ഒഴുകിയെത്തുന്നതായി കാഴ്ച. തിരക്ക് ക്രമീകരിക്കാനും മറ്റും പൊലീസിന്റെ നീണ്ട നിരയുണ്ടായിരുന്നെങ്കിലും ആരാധകരുടെ ആവേശത്തെ തടഞ്ഞുനിർത്താനായില്ല.

മുഖത്ത് ചായം പൂശിയും മഞ്ഞക്കൊടി വീശിയും അവർ സ്റ്റേഡിയത്തിലേക്കുള്ള യാത്ര ഗംഭീരമാക്കി. മത്സരം തുടങ്ങാൻ മണിക്കൂറുകൾക്ക് മുമ്പ് സ്റ്റേഡിയത്തിന്റെ മൂന്ന് തട്ടിലും മഞ്ഞക്കുപ്പായക്കാർ നിറഞ്ഞുകവിഞ്ഞു. പിന്നീട് നിലയ്ക്കാത്ത ആരവമായിരുന്നു. ഒപ്പം മസാല കോഫി ബാൻഡിന്റെ മ്യൂസിക് ഷോകൂടിയായപ്പോൾ സ്റ്റേഡിയം ഇളകി മറിഞ്ഞു. മഞ്ഞപ്പടയ്ക്ക് ആവേശംപകരാൻ ഇത്തവണയും മലബാറിൽ നിന്നാണ് ഫുട്ബാൾ പ്രേമികൾ അധികവുമെത്തിയത്. ആഴ്ചകൾക്കു മുമ്പേ കളിയുടെ ഗ്യാലറി ടിക്കറ്റുകൾ വിറ്റു തീർന്നിരുന്നു. എങ്കിലും അവസാന നിമിഷമെങ്കിലും നേരിട്ടു ടിക്കറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിൽ എത്തിയവരും ഏറെയായിരുന്നു. കരിച്ചന്തയിൽ നിന്ന് ടിക്കറ്റിന്റെ ഇരട്ടി നൽകി കളികണ്ടവരും കുറവല്ല.

ആവേശത്തി​ലലി​ഞ്ഞ് കൊച്ചി​ മെട്രോയും

ഐ.എസ്.എൽ ആവേശത്തിൽ കൊച്ചി മെട്രോയും അലിഞ്ഞ് ചേർന്നു. രാത്രി വൈകിയും ഫുട്ബാൾ പ്രേമികൾക്കായി യാത്രയൊരുക്കിയാണ് മെട്രോ ആതിഥേയ സ്‌നേഹം പ്രകടിപ്പിച്ചത്. കലൂർ ജെ.എൻ.എൽ മെട്രോ സ്റ്റേഷനിൽ നിന്ന് ആലുവ ഭാഗത്തേക്കും എസ്.എൻ ജംഗ്ഷനിലേക്കും അവസാന ട്രെയിൻ സർവീസ് രാത്രി 11വരെ ക്രമീകരിച്ചിരുന്നു. ഇത് മത്സരം കണ്ട് മടങ്ങിയവർക്കും ഗുണകരമായി.

Advertisement
Advertisement