ട്രെയിൻ സ്പീഡ് 143 കി. മീറ്ററാക്കാൻ ട്രാക്കുകൾ അതിവേഗ പാതയാക്കും
തിരുവനന്തപുരം: തിരുവനന്തപുരം - എറണാകുളം, ഷൊർണൂർ - മംഗലാപുരം റെയിൽ പാതകൾ 2024ഒാടെ അതിവേഗ പാതകളാക്കി മാറ്റാനുള്ള പദ്ധതിക്ക് അംഗീകാരം .
ട്രെയിനുകൾക്ക് മണിക്കൂറിൽ 143കിലോമീറ്റർ വരെ വേഗതയാണ് ഈ ട്രാക്കുകളിൽ കിട്ടുക.
നിലവിൽ നൂറ് കിലോമീറ്റർ വരെ വേഗത കിട്ടുന്ന ഡി.ഗ്രൂപ്പ് ട്രാക്കുകളാണ് സംസ്ഥാനത്തുള്ളത്. ശരാശരി വേഗത 80കിലോമീറ്ററിൽ താഴെയാണ്. ഇത് 143കിലോമീറ്ററിലേക്ക് മാറ്റുന്നതോടെ ശരാശരി 130 കിലോമീറ്റർ വേഗത ലഭിക്കും. തിരുവനന്തപുരത്തു നിന്ന് കൊല്ലം, കായംകുളം, ആലപ്പുഴ വഴി എറണാകുളം വരെയാണ് ആദ്യം അതിവേഗപ്പാതയാക്കുക. ചെന്നൈ മുതൽ ഷൊർണ്ണൂർ വരെയുള്ള പാതയും അതിവേഗപ്പാതയാക്കും. നിലവിൽ ചെന്നൈ ആസ്ഥാനമായ ദക്ഷിണ റെയിൽവേയിൽ ചെന്നൈ മുതൽ ഗുഡൂർ വരെയുള്ള പാത മാത്രമാണ് അതിവേഗപ്പാത. കൂടുതൽ വേഗത കിട്ടുന്ന പാത വരുന്നതോടെ വന്ദേഭാരത് ഉൾപ്പെടെ അതിവേഗ ട്രെയിനുകൾക്ക് സംസ്ഥാനത്ത് സർവ്വീസ് നടത്താനാകും.തിരുവനന്തപുരം മുതൽ കോട്ടയം വഴി കാസർകോഡ് വരെ ഇരട്ടപ്പാതയാക്കിയിട്ടുണ്ട്. കായംകുളത്തു നിന്ന് ആലപ്പുഴ വഴി എറണാകുളം വരെ മൂന്നാം പാതയുമുണ്ട്. അതിവേഗപ്പാത വരുന്നതോടെ മികച്ച സിഗ്നൽ സംവിധാനമുണ്ടാകും. അതോടെ നിലവിലെ പാതയിലൂടെ കൂടുതൽ ട്രെയിനുകളോടിക്കാനും തിരുവനന്തപുരം - കോട്ടയം, തിരുവനന്തപുരം - എറണാകുളം തുടങ്ങിയ തിരക്കേറിയ റൂട്ടുകളിൽ യാത്രാസമയം കുറയ്ക്കാനും കഴിയും.
വേഗട്രാക്കിനുള്ള പരിഷ്ക്കാരങ്ങൾ
സ്റ്റാൻഡേർഡ് ഇന്റർലോക്കിംഗ് നടപ്പാക്കണം
ട്രാക്ക്,സിഗ്നൽ, റോളിംഗ് സ്റ്റാക്ക്, പവർ ഇൻസ്റ്റലേഷൻ എന്നിവ പരിഷ്ക്കരിക്കണം
വളവുകളിലൂടെ കൂടുതൽ വേഗത്തിൽ ട്രെയിനോടിക്കാൻ ട്രാൻസിഷൻ ലെംഗ്ത് സംവിധാനമുണ്ടാക്കണം.
60കിലോഗ്രാം ഭാരമുള്ള സ്ളീപ്പറുകൾ ഇട്ട് ട്രാക്ക് ബലപ്പെടുത്തണം.
ക്രോസിംഗുകളിൽ തിക്ക് വെബ് സ്വിച്ച് ഒരുക്കണം.
ട്രാക്കിലെ എക്സ്‌പാൻഷൻ ജോയിന്റുകൾ ശക്തമാക്കണം
ഗർഡർ ബ്രിഡ്‌ജുകളിൽ എച്ച് ബീം സ്ളീപ്പർ ഒരുക്കണം.