വന്ധ്യംകരണത്തിനുള്ള പദ്ധതി അനിശ്ചിതത്വത്തിൽ: നായ്ക്കൾക്ക് ആര് മണികെട്ടും ?

Friday 07 October 2022 11:21 PM IST

പത്തനംതിട്ട : തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിനുള്ള എ.ബി.സി (ആനിമൽ ബർത്ത് കൺട്രോൾ) പദ്ധതി ജില്ലയിൽ അനിശ്ചിതത്വത്തിൽ. ആധുനിക സജ്ജീകരണങ്ങളുള്ള കെട്ടിടത്തിന്റെ അഭാവമാണ് പ്രധാന തടസം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കാണ് ഇതിന്റെ ചുമതല. എന്നാൽ സ്ഥലം കണ്ടെത്താൻ പോലും കഴിഞ്ഞിട്ടില്ല. എ.ബി.സി കേന്ദ്രം, അഭയകേന്ദ്ര നിർമ്മാണം, നായ പിടുത്തത്തിന് പരിശീലനം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ പ്രത്യേക പദ്ധതി തയ്യാറാക്കാൻ ജില്ലാ പഞ്ചായത്ത് നിർദ്ദേശിച്ചെങ്കിലും ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തീരുമാനമെടുത്തിട്ടില്ല.

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കടപ്ര പഞ്ചായത്തിൽ സ്ഥലം കണ്ടെത്തിയിട്ടുണ്ടെങ്കിലും എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടില്ല.

പരിശീലനവും പാഴായി

തെരുവ് നായ്ക്കൾക്ക് പേവിഷ പ്രതിരോധ വാക്സിൻ എടുക്കാനായി കുടുംബശ്രീ മുഖേന അമ്പത്തിരണ്ട് പേർക്ക് പരിശീലനം നൽകിയെങ്കിലും തുടർ നടപടി ഉണ്ടായില്ല. രണ്ട് ദിവസത്തെ പരിശീലനം കൊണ്ട് തെരുവ് നായകളെ പിടിക്കാനിറങ്ങാൻ പറ്റില്ലെന്നാണ് അധികൃതർ പറയുന്നത്. നല്ല പരിശീലനം ലഭിച്ചവർക്ക് പോലും ഇത് സാധിക്കില്ല. എ.ബി.സി കേന്ദ്രം നിർമ്മിച്ചാൽ അതോടൊപ്പം വാക്സിനേഷനും എടുക്കാമെന്നാണ് അധികൃതർ പറയുന്നത്. ജില്ലയിൽ അതിനുള്ള സൗകര്യമില്ല. മുമ്പ് പുളിക്കീഴിൽ പ്രവർത്തിച്ചിരുന്ന കേന്ദ്രം അടിസ്ഥാന സൗകര്യമില്ലാത്തതിനാൽ പൂട്ടിയിരിക്കുകയാണ്.

ഇതുവരെ വാക്സിനേഷൻ എടുത്തത്

വളർത്തുനായ- 34529

തെരുവുനായ- 121

" കടപ്രയിൽ എ.ബി.സി കേന്ദ്രത്തിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. അതിന്റെ എസ്റ്റിമേറ്റ് തയാറാക്കണം. അത്യാധുനിക സൗകര്യത്തിൽ മാത്രമേ കെട്ടിടം നിർമ്മിക്കാൻ സാധിക്കു. അത് വേഗത്തിലാക്കാനുള്ള ശ്രമം നടക്കുകയാണ്. "

അഡ്വ. ഓമല്ലൂർ ശങ്കരൻ

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

Advertisement
Advertisement