കൂട്ടിലകപ്പെട്ട കടുവയെ ഉൾവനത്തിൽ തുറന്നുവിട്ടു

Saturday 08 October 2022 12:24 AM IST

കുമളി: മൂന്നാറിൽ വളർത്ത് മൃഗങ്ങളെ കൊന്നതിനെ തുടർന്ന് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയ കടുവയെ പെരിയാർ കടുവാ സങ്കേതത്തിലെ ഉൾവനത്തിൽ തുറന്നു വിട്ടു. തേക്കടിയിൽ നിന്ന് 35 കി.മീ. അകലെയാണ് തുറന്ന് വിട്ടത്.

ദേവികുളം സെൻട്രൽ ഡിവിഷനിലെ വനം വകുപ്പ് കേന്ദ്രത്തിൽ നിന്ന് കൂട് ലോറിയിൽ കയറ്റി ഇവിടെ എത്തിച്ച ശേഷം ട്രാക്ടറിലേക്ക് മാറ്റിയാണ് കാട്ടിനുള്ളിലേക്ക് കൊണ്ടുപോയത്. കൂട് തുറന്നപ്പോൾ സാവധാനം പുറത്തിറങ്ങി കടുവ നടന്ന് അകലുകയായിരുന്നു. 9 വയസ് പ്രായവും 250ൽ അധികം കിലോ ഭാരവുമുള്ള കടുവയ്ക്ക് ഇടത് കണ്ണിന് കാഴ്ചക്കുറവുണ്ട്.ഇത് മറ്റൊരു കടുവയുമാണ്ടായ സംഘട്ടനത്തിൽ പറ്റിയതാണെന്ന്ഡോക്ടർമാർ കണ്ടെത്തി. നയമക്കാട് എസ്റ്റേറ്റിൽ നിന്ന് കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് കടുവ കെണിയിൽപ്പെട്ടത്. 3 ദിവസത്തിനിടെ ഇവിടെ 13 പശുക്കളെയാണ് കടുവ പിടിച്ചത്. ഇതിൽ പത്തെണ്ണം ചത്തു.
നേരത്തെ കടുവയെ മൂന്നാറിൽ നിന്ന് മാറ്റി ഏതെങ്കിലും വന്യജീവി പുനരധിവാസ കേന്ദ്രത്തിൽ എത്തിക്കാനായിരുന്നു തീരുമാനം. ഇതിന്റെ ഭാഗമായി ആറംഗ കമ്മിറ്റിക്ക് രൂപം നൽകിയിരുന്നു. ഈ സമിതിയാണ് കടുവയ്ക്ക് മറ്റ് പ്രശ്‌നങ്ങളില്ലെന്നും ഉൾവനത്തിലേക്ക് മാറ്റിയാൽ ഇര തേടി ജീവിക്കാനാകുമെന്നുമുള്ള തീരുമാനമെടുത്തത്.പിന്നീടിത് ചീഫ് വൈൽഡ് ലൈഫ് വാർഡൻ അംഗീകരിക്കുകയായിരുന്നു. ചലനങ്ങൾ നിരീക്ഷിക്കുന്നതിനായി കഴുത്തിൽ റേഡിയോ കോളർ അടങ്ങിയ ബെൽറ്റ് സ്ഥാപിച്ച ശേഷമാണ് തുറന്നു വിട്ടത്.

.

Advertisement
Advertisement