അമിതവേഗക്കാരെ തടഞ്ഞിട്ട് പൂട്ടും

Friday 07 October 2022 11:32 PM IST

തിരുവനന്തപുരം: അമിത വേഗതയിൽ പായുന്ന വാഹനങ്ങളെ തടഞ്ഞ് പിടിക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. അമിതവേഗത്തിലാണെന്ന് വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗിലൂടെ (വി.എൽ.ടി.ഡി) കൺട്രോൾ റൂമിൽ അറിയാനാകും. ഉടൻ തൊട്ടടുത്തുള്ള എൻഫോഴ്സ്മെന്റ് ടീമിന് വിവരം കൈമാറും. അവർ വാഹനം തടയും. ആവശ്യമെങ്കിൽ പൊലീസിന്റെ സഹായം തേടും.

രാത്രിയും പകലും എൻഫോഴ്സ് ഉദ്യോഗസ്ഥരെ നിയോഗിച്ച് റെയ്ഡ് ശക്തമാക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണർക്ക് മന്ത്രി ആന്റണി രാജു നിർദ്ദേശം നൽകി. പിടികൂടുന്ന വാഹത്തിലെ ഡ്രൈവർക്കെതിരെയും ഉടമയ്ക്കെതിരെയും നിയമ നടപടി സ്വീകരിക്കും.

ടൂറിസ്റ്റ് ബസുകൾ ടെസ്റ്റിന് എത്തിക്കുമ്പോൾ നിയമങ്ങളെല്ലാം പാലിക്കുകയും ടെസ്റ്റ് കഴിയുമ്പോൾ രൂപമാറ്റം വരുത്തുകയുമാണ്. എം.വി.ഡിയിലെ ചിലർ നിയമം ലംഘിക്കാൻ കൂട്ടു നിൽക്കുന്നുണ്ട്. ഇവർക്കെതിരെയും കർശന നടപടിയെടുക്കും. രൂപമാറ്റം വരുത്തിയ 92 വാഹനങ്ങൾ ഇന്നലെ എം.വി.ഡി പിടികൂടിയിരുന്നു. ബ്ലാക്ക് ലിസ്റ്റിൽപെട്ട വാഹനങ്ങളുടെ പട്ടികയും വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.

അമിത വേഗം മിടുക്ക് !

നിയമലംഘനം നടത്തി മിടുക്കുകാട്ടി സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ച് വൈറലാക്കുന്നത് കൂടുതൽ ഓട്ടം കിട്ടാനുള്ള കുറുക്കുവഴിയായിട്ടാണ് ഡ്രൈവർമാർ കരുതുന്നത്. അമിത വേഗത്തിൽ ഓടിയില്ലങ്കിൽ ജോലി കാണില്ലെന്നതാണ് ഡ്രൈവർമാരുടെ പരാതി. അതിനാൽ രാത്രി ഉറങ്ങാതെ വേഗത്തിൽ ഓടിക്കാൻ ലഹരി ഉപയോഗിക്കുന്നവരുണ്ട്. ആഘോഷമില്ലെങ്കിൽ പിന്നെ എന്ത് വിനോദയാത്രയെന്ന് യാത്രക്കാരും, യാത്രക്കാരെ സന്തോഷിപ്പിച്ചില്ലങ്കിൽ പിന്നെ എന്തിനാണ് ബസെന്ന് ഉടമകളും വാദിക്കുന്നു.

ബ്ലാക്ക് ലിസ്റ്റിലുള്ള വാഹനങ്ങളുടെ നികുതി സ്വീകരിക്കാതിരുന്നപ്പോൾ കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് സമ്പാദിച്ചാണ് വാഹനങ്ങൾ നിരത്തിലിറക്കിയത്. കേന്ദ്രനിയമത്തിൽ പോരായ്മകളുണ്ട്. പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് അപകടങ്ങൾ ഒഴിവാക്കാനാണ് ശ്രമിക്കുന്നത്

- ആന്റണി രാജു,​ ഗതാഗത മന്ത്രി

Advertisement
Advertisement