ത്രിവേണി സൂപ്പർ മാർക്കറ്റിനെതിരെ കർശന നടപടിയുമായി നഗരസഭ

Saturday 08 October 2022 2:05 AM IST

ക്രമക്കേട് മറച്ച് വക്കാൻ ത്രിവേണി ജീവനക്കാർ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് സി.ഡി.എസ് ചെയർപേഴ്സൺ

മണ്ണാർക്കാട്: നഗരസഭാ പരിധിയിൽ വിതരണം ചെയ്ത ആശ്രയ കിറ്റുകളിലെ അഴിമതിയുമായി ബന്ധപ്പെട്ട് കർശന നടപടികളുമായി നഗരസഭ ഭരണസമിതി. ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ ത്രിവേണി സൂപ്പർ മാർക്കറ്റിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയർന്നത്.
പാവങ്ങൾക്ക് കൊടുക്കുന്ന ആശ്രയ കിറ്റിന് നഗരസഭ നൽകുന്ന വിലക്കുള്ള സാധനങ്ങൾ ഇല്ലെന്ന് കൗൺസിലർ പ്രസാദ് പറഞ്ഞു. 500 രൂപക്കുള്ള കിറ്റെന്ന് പറഞ്ഞ് നൽകുന്നതിൽ 400 രൂപക്കുള്ള സാധനങ്ങൾ പോലുമില്ലെന്ന് കൗൺസിലർ ചൂണ്ടിക്കാട്ടി. ആശ്രയിക്കിറ്റ് വിതരണത്തിൽ വൻ കൊള്ളയാണ് നടത്തിയിട്ടുള്ളതെന്ന് കൗൺസിലർ മൻസൂറും പറഞ്ഞു. ഒരു കിറ്റിൽ മാത്രം 100 രൂപക്കു മുകളിൽ അഴിമതി നടത്തി 350 കിറ്റുകളിൽ നിന്നായി 35,​000 രൂപക്കു മേലുള്ള അഴിമതിയാണ് ഒരു തവണ വിതരണത്തിൽ മാത്രം നടക്കുന്നത്. ഇത് എത്ര കാലങ്ങളായി തുടരുന്നതാണെന്ന് അന്വേഷിക്കണമെന്നും ഇതിൽ രാഷ്ട്രീയ നേതൃത്വമുൾപ്പെടെയുള്ള ബാഹ്യ ശക്തികളുടെ ഇടപെടലുണ്ടെന്നും മൻസൂർ ആരോപിച്ചു.
ഇതറിഞ്ഞ സമയത്ത് തന്നെ പൊലീസിൽ പരാതി നൽകണമായിരുന്നു. സംഭവത്തിൽ പരാതി കൊടുക്കാൻ വൈകിയെന്ന് സി.പി.എം പാർലമെന്ററി പാർട്ടി നേതാവ് ടി.ആർ. സെബാസ്റ്റ്യനും അഭിപ്രായപ്പെട്ടു. വൻ ക്രമക്കേട് നടത്തിയ സ്ഥാപനത്തിനെതിരെയുള്ള ഏത് നടപടികൾക്കും ഭരണസമിതിക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് സി.ഡി.എസ് ചെയർപേഴ്സൺ ഊർമ്മിളയെ കൗൺസിൽ യോഗത്തിലേക്ക് വിളിച്ചു വരുത്തി. ത്രിവേണി സൂപ്പർമാർക്കറ്റ് അധികൃതർ തന്നെ സ്വാധീനിക്കാൻ ശ്രമിച്ചതായി ഊർമ്മിള പറഞ്ഞു. ഇതോടെ സൂപ്പർ മാർക്കറ്റിലെ അഴിമതി തെളിഞ്ഞതായി കൗൺസിലർ അരുൺകുമാർ പറഞ്ഞു.

സംഭവത്തിൽ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. വിജിലൻസ് ഉൾപ്പെടെയുള്ള അന്വേഷണം നടത്തും. ത്രിവേണിയുടെ കരാർ റദ്ദ് ചെയ്യും. ആശ്രയ കിറ്റുകൾക്കായുള്ള കരാർ ത്രിവേണിയിൽ നിന്ന് മാറ്റി സപ്ലൈക്കോവിന് നൽകും.

- സി. മുഹമ്മദ് ബഷീർ (നഗരസഭാ ചെയർമാൻ)​

Advertisement
Advertisement