മരണപ്പാച്ചിൽ തുടർന്ന് ബസ്, തെറിച്ചുവീണ വിദ്യാർത്ഥിയുടെ മുഖത്ത് ഗുരുതര പരിക്ക്; അപകടത്തിന് ശേഷം നിർത്താതെ പോയ വാഹനം നാട്ടുകാർ തടഞ്ഞു

Saturday 08 October 2022 12:04 PM IST

കോട്ടയം: സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ വിദ്യാർത്ഥിയ്‌ക്ക് മുഖത്ത് ഗുരുതര പരിക്ക്. കോട്ടയം ചിങ്ങവനത്തിന് സമീപം ഇന്നലെ വൈകിട്ടായിരുന്നു സംഭവം. പതിമൂന്നുകാരനായ അഭിറാമിനാണ് പരിക്കേറ്റത്. കുട്ടിയുടെ കൈകൾക്കും പരിക്കുണ്ട്. പല്ല് ഇളകി. വാതിലടയ്ക്കാതെയായിരുന്നു ബസിന്റെ യാത്ര.

അപകടത്തിന് ശേഷം നിർത്താതെ പോയ ബസ് നാട്ടുകാർ തടഞ്ഞിടുകയായിരുന്നു. ബസ് അമിത വേഗത്തിലായിരുന്നു. സംഭവത്തിന് കാരണക്കാരായ ബസിനെതിരെ നടപടി തുടങ്ങിയെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച ബസ് ഡ്രൈവറോട് ഹാജരാകാൻ ആർ ടി ഒ നിർദേശിച്ചിട്ടുണ്ട്.

'വണ്ടിയുടെ കമ്പിയിൽ പിടിച്ചിരിക്കുകയായിരുന്നു കുട്ടി. അമിതവേഗത്തിലായിരുന്നു ബസ്. മുഖമടിച്ച് വീണിട്ടും വണ്ടി നിർത്തിയില്ല. നാട്ടുകാരാണ് വണ്ടി തടഞ്ഞിട്ടത്. വണ്ടിയിൽ കുഞ്ഞുപിള്ളേരെല്ലാം ഉള്ളതല്ലേ. ഇനി ഇതാവർത്തിക്കാതിരിക്കാൻ കേസുമായി മുന്നോട്ടുപോകും.'- അഭിറാമിന്റെ ബന്ധുക്കൾ പറഞ്ഞു.