ഈ വർഷത്തെ വയലാർ അവാർഡ് എസ് ഹരീഷിന്; പുരസ്കാരം 'മീശ' എന്ന നോവലിന്

Saturday 08 October 2022 12:49 PM IST

തിരുവനന്തപുരം: 46-ാമത് വയലാർ അവാർഡ് എസ് ഹരീഷിന്. മീശ എന്ന നോവലിനാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും ശിൽപ്പവുമടങ്ങുന്നതാണ് പുരസ്കാരം. വയലാർ രാമവർമ്മയുടെ പേരിലുള്ള അവാർഡ് കിട്ടിയതിൽ വളരെയധികം സന്തോഷമുണ്ടെന്ന് എസ് ഹരീഷ് പ്രതികരിച്ചു.

ഇന്ന് രാവിലെ പത്ത് മണിക്ക് മസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ വച്ചാണ് അവാർഡിനർഹമായ കൃതി തിരഞ്ഞെടുത്തത്. തുടർന്ന് 12 മണിക്ക് ഹാർമണി എന്ന കോൺഫറൻസ് ഹാളിൽ ചേർന്ന പത്ര സമ്മേളനത്തിൽ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരൻ അവാർഡ് പ്രഖ്യാപിച്ചു.' പരിഗണനയ്ക്ക് വന്നതിൽ ഏറ്റവും മികച്ച കൃതി എന്ന നിലയിലാണ് മീശയ്ക്ക് അവാർഡ് നൽകാൻ തീരുമാനിച്ചത്. വലിയ രീതിയിലുള്ള ചർച്ചയ്ക്കും വിവാദത്തിനും വഴിവച്ച നോവലായിരുന്നു ഇത്. 1950കൾക്ക് മുമ്പ് കേരളത്തിൽ നിലനിന്നിരുന്ന ജാതീയ ജീവിതത്തെ ദളിത് പശ്ചാത്തലത്തിൽ അവതരിപ്പിച്ച നോവലിനെതിരെ പല സംഘടനകളും രംഗത്ത് വന്നിരുന്നു. ഹരീഷിനെതിരെ ഭീഷണിയും ഉണ്ടായിട്ടുണ്ട്. പുസ്തകങ്ങൾ പിൻവലിക്കാനുള്ള ശ്രമങ്ങൾ പല രീതിയിൽ നടന്നിരുന്നു.