വയലാർ അവാർഡ് ഹരീഷിന്റെ 'മീശ'യ്ക്ക്

Sunday 09 October 2022 12:25 AM IST

തിരുവനന്തപുരം: വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്‌റ്റിന്റെ ഈ വർഷത്തെ വയലാർ അവാർഡ് എസ്. ഹരീഷിന്റെ 'മീശ" എന്ന നോവലിന്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിച്ച ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. 2019ൽ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാഡമി പുരസ്‌കാരം മീശയ്‌ക്ക് ലഭിച്ചിരുന്നു. വയലാർ രാമവർമ്മയുടെ ചരമദിനമായ 27ന് വൈകിട്ട് 5.30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മലയാള നോവലിലെ വലിയൊരു വിച്ഛേദം ഹരീഷിന്റെ ഈ രചനയിൽ കാണാമെന്ന് അവാർഡ് നിർണയ സമിതി അംഗമായ സാറാജോസഫ് പറഞ്ഞു. രചനയിലും ഘടനയിലും വ്യത്യസ്തമായ സമീപനമാണ് സ്വീകരിച്ചതെന്നും അവർ ചൂണ്ടിക്കാട്ടി. വി.ജെ.ജയിംസ്,​ ഡോ.വി.രാമൻകുട്ടി എന്നിവരായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങൾ. ട്രസ്റ്റ് വൈസ് പ്രസിഡന്റും ട്രഷററുമായ പ്രൊഫ.ജി.ബാലചന്ദ്രൻ,​ അംഗങ്ങളായ കെ.ജയകുമാർ,​ പ്രഭാവർമ്മ,​ ട്രസ്റ്റ് സെക്രട്ടറി അഡ്വ.ബി.സതീശൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഹിന്ദു സ്ത്രീകൾ കുളിച്ച് അമ്പലത്തിൽ പോകുന്നത് ശാരീരിക ബന്ധത്തിന് തയ്യാറാണെന്ന് അറിയിക്കാൻ വേണ്ടിയാണെന്ന നോവലിലെ പരാമർശം വിവാദത്തിനിടയാക്കിയിരുന്നു. ഹിന്ദു സംഘടനകൾ രംഗത്തുവന്നതോടെ നോവൽ പിൻവലിക്കുകയും ഹരീഷ് മാപ്പ് പറയുകയും ചെയ്തിരുന്നു. നിരോധിക്കാൻ സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി എത്തിയെങ്കിലും കോടതി തള്ളി. പിന്നാലെ ഡി.സി ബുക്സ് നോവൽ പ്രസിദ്ധീകരിച്ചു. അരനൂറ്റാണ്ട് മുമ്പ് കേരളത്തിൽ നിലനിന്നിരുന്ന ജാതീയതയെ ദളിത് ജീവിതത്തിന്റെ പശ്ചാത്തലത്തിലാണ് ഹരീഷ് അവതരിപ്പിക്കുന്നത്.

Advertisement
Advertisement