കോർപ്പറേഷനിൽ 'അഴക് ' പദ്ധതിക്ക് തുടക്കം അഴകേറും ദിനമൊഴിയാതെ

Sunday 09 October 2022 12:07 AM IST
ബേ​പ്പൂ​ർ​ ​ന​ടു​വ​ട്ട​ത്ത് ​അഴക് പദ്ധതി ​മ​ന്ത്രി​ ​അ​ഹ​മ്മ​ദ് ​ദേ​വ​ർ​കോ​വി​ൽ​ ​ഉ​ദ്ഘാ​ട​നം​ ​ചെയ്യുന്നു

കോഴിക്കോട് : അജൈവ മാലിന്യങ്ങളുടെ വാതിൽപ്പടി ശേഖരണത്തിലൂടെ ശുചിത്വ നഗരമാക്കാൻ കോർപ്പറേഷൻ ആവിഷ്ക്കരിച്ച 'അഴക് ' പദ്ധതിക്ക് തുടക്കം. ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ഹരിത കർമ്മ സേന ഇനി ഓരോ വീടുകളിലും സ്ഥാപനങ്ങളിലുമെത്തും.

അജൈവ മാലിന്യങ്ങൾ തരംതിരിച്ച് ഹരിത കർമസേനയ്ക്ക് കൈമാറുന്നതിന് പലപ്പോഴും വീട്ടുകാരും സ്ഥാപന ഉടമകളും തയ്യാറാകാത്തതിനാൽ ശേഖരിക്കുന്ന മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിന് പരിഹാരമായി ജനകീയ ഇടപെടലിലൂടെ പദ്ധതി യാഥാർത്ഥ്യമാക്കാനാണ് കോർപ്പറേഷന്റെ ശ്രമം.

ഇതിനായി ഒരു വാർഡിനെ 50 വീടുകൾ വീതം ഉൾക്കൊള്ളുന്ന ക്ലസ്റ്ററുകളാക്കും. ഒരോ ക്ലസ്റ്ററിലേയും പത്ത് വീടുകളെ ഹൗസ് ക്ലബുകളാക്കിയും ക്ലസ്റ്റർ കമ്മിറ്റി അംഗങ്ങൾക്ക് ചുമതല നൽകി നിരന്തര മൂല്യ നിർണയം നടത്തിയുമായിരിക്കും പദ്ധതി നടപ്പാക്കുക. ഒരു ക്ലസ്റ്ററിലേക്ക് രണ്ട് ഹരിത കർമ്മ സേനാംഗങ്ങൾ എന്ന കണക്കിൽ ഒരു വാർഡിലെ മൊത്തം ക്ലസ്റ്ററുകളിലേക്കും ഹരിത കർമ്മ സേനാംഗങ്ങളെ വിന്യസിക്കും. ഒരു ദിവസം കൊണ്ട് വാർഡിലെ മുഴുവൻ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പുതിയ യൂസർ ഫീ കാർഡിൽ പറഞ്ഞ പ്രകാരം മാലിന്യങ്ങൾ തരം തിരിച്ച് ശേഖരിയ്ക്കും.

ഈ മാസം മുതൽ കൃത്യമായി യൂസർ ഫീ നൽകി അജൈവ മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറണം. ശേഖരിക്കുന്ന മാലിന്യം പ്രതിദിനം മൂന്ന് കൺസോർഷ്യത്തിന് കീഴിലുള്ള നിശ്ചിത എം.ആർ.എഫിലേക്ക് എത്തിച്ചു തരംതിരിച്ച് മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കാൻ കൊണ്ടുപോകും.

ഹരിത കർമ്മ സേന പ്രവർത്തനം പരിശോധിക്കുന്നതിനായി ഹരിത മിത്രം സ്മാർട്ട് ഗാർബേജ് ആപ്പ് തയ്യാറാക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് നിർദ്ദേശങ്ങളും പരാതികളും അറിയിക്കാനും ഉദ്യോഗസ്ഥർക്ക് ഹരിത കർമ്മ സേനയുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിനും യൂസർ ഫീ രേഖപ്പെടുത്തുന്നതിനും ആപ്പിലൂടെ കഴിയും.

@ നടവട്ടത്ത് തുടക്കം

കോർപ്പറേഷന്റെ സ്വപ്ന പദ്ധതിയായ അഴകിന് ബേപ്പൂർ നടുവട്ടത്ത് തുടക്കമായി. തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. വീടുകളിൽ ക്യു ആർ കോഡ് പതിക്കുന്നതിന്റെ ഉദ്ഘാടനം മേയർ ഡോ. ബീനാ ഫിലിപ്പ് നിർവഹിച്ചു. ഹരിത കർമ്മ സേനയ്ക്ക് യൂണിഫോം സ്‌പോൺസർ ചെയ്ത കനറാ ബാങ്ക് റീജിയണൽ ബാങ്ക് മാനേജർ ഡോ.ടോംസ് വർഗീസിനെയും വാർഡ് കൗൺസിലറും നഗരാസൂത്രണ സ്ഥിരംസമിതി ചെയർപേഴ്‌സണുമായ കൃഷ്ണകുമാരിയെയും ഡെപ്യൂട്ടി മേയർ മുസഫർ അഹമ്മദ് ആദരിച്ചു. ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്‌സൺ ഡോ.എസ്.ജയശ്രീ സ്വാഗതവും സെക്രട്ടറി കെ.യു.ബിനി നന്ദിയും പറഞ്ഞു.

Advertisement
Advertisement