പ്ലസ്ടു കെമിസ്ട്രി: ചട്ടവിരുദ്ധ നിയമനനീക്കത്തിനു സ്‌റ്റേ

Sunday 09 October 2022 12:00 AM IST

കൊച്ചി: ഹയർസെക്കൻഡറിയിലെ കെമിസ്ട്രി ജൂനിയറിന്റെ 50 തസ്തികമാറ്റ ഒഴിവുകൾ, അപേക്ഷകരില്ല എന്നു കാട്ടി പി.എസ്.സിക്കു വിടാനുള്ള നീക്കം കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ അദ്ധ്യക്ഷൻ ജസ്റ്റിസ് സി.കെ. അബ്ദുൽ റഹിം രണ്ടു മാസത്തേക്ക് സ്റ്റേ ചെയ്തു. പ്ളസ്ടു കെമിസ്ട്രി അദ്ധ്യാപക തസ്തികമാറ്റ ഒഴിവ് അട്ടിമറിയിൽ അഴിമതിയു‌ണ്ടെന്ന് കഴിഞ്ഞ ദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.

കഴിഞ്ഞവർഷം അപേക്ഷ വിളിച്ച് നിയമനം നൽകിയ 15 ഒഴിവിനു ശേഷം 2020 മുതൽ ഉണ്ടായ 50 തസ്തികമാറ്റ ഒഴിവുകളാണ് ക്രമവിരുദ്ധമായി പി.എസ്.സിക്കു വിട്ടത്. നേരിട്ടുള്ള നിയമനത്തിന്റെ റാങ്ക്‌ലിസ്റ്റ് അവസാനിച്ച, സെപ്തംബർ 19 നാണ് ഒഴിവുകൾ പ്രത്യേക ദൂതൻ വഴി പി.എസ്.സിയിൽ അറിയിച്ചത്. കെമിസ്ട്രി ഉൾപ്പെടെയുള്ള വിഷയങ്ങൾക്ക് ഈ കാലയളവിൽ ഉണ്ടായ ഒഴിവുകളിലേക്ക് അപേക്ഷ പോലും വിളിക്കാതെയാണ്, അപേക്ഷകർ ഇല്ലെന്നുപറഞ്ഞ് ഒഴിവുകൾ വകമാറ്റാനുള്ള ശ്രമം. നേരത്തേ വിളിച്ച 15 ഒഴിവിലേക്ക് 370 അപേക്ഷകർ ബാക്കി നിൽക്കുമ്പോഴാണ് പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ഇത്തരമൊരു നടപടിയുണ്ടായത്. ഡയറക്ടറുടെ നടപടികൾ മുഴുവൻ ക്രമവിരുദ്ധമാണെന്ന് ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി.

Advertisement
Advertisement