എൻഡോസൾഫാൻ: പുനരധിവാസം ഉറപ്പാക്കുമെന്ന് എം.വി. ഗോവിന്ദൻ

Sunday 09 October 2022 12:00 AM IST

തിരുവനന്തപുരം: എൻഡോസൾഫാൻ ബാധിതർക്ക് മികച്ച ആരോഗ്യ സംവിധാനങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ട് സമരസമിതി സെക്രട്ടേറിയറ്റിനു മുമ്പിൽ നടത്തുന്ന നിരാഹാര സമരം ഒരാഴ്ച പിന്നിട്ടു. ഇന്നലെ സമരസമിതി പ്രവർത്തകർ ബിനോയ് വിശ്വം എം.പിയോടൊപ്പം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമായി കൂടികാഴ്ച നടത്തി.

സമരസമിതിയുടെ ആവശ്യങ്ങൾ പഠിച്ച് നടപടി കൈക്കൊള്ളുമെന്ന് എം.വി. ഗോവിന്ദൻ കേരളകൗമുദിയോട് പറഞ്ഞു. കാസർകോട് കണ്ടെത്തിയ 25 ഏക്കറിൽ പുനരധിവാസത്തിനുള്ള നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. കഴക്കൂട്ടത്ത് ഭിന്നശേഷി കുട്ടികൾക്കായി ഗോപിനാഥ് മുതുകാട് ഒരുക്കിയിരിക്കുന്ന മാജിക്ക് പ്ളാനറ്റിന്റെ മാതൃകയിലാകും പുനരധിവാസം. ഗോപിനാഥ് മുതുകാടുമായി ചർച്ച നടത്തിയെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

അതേസമയം, ഇന്നലെ ജനറൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്ത ദയാബായി വൈകിട്ടോടെ വീണ്ടും സമരപ്പന്തലിലെത്തി നിരാഹാരം ആരംഭിച്ചു. പ്രശ്നത്തിന് പരിഹാരം കാണാതെ സമരം അവസാനിപ്പിക്കില്ലെന്ന് ദയാബായി പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ബിനോയ് വിശ്വം ദയാബായിയെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.

പ്രതിഷേധ കൂട്ടായ്മ നടത്തി

ദയാബായിയെ പൊലീസ് അറസ്റ്റ് ചെയ്ത നടപടിയിൽ പ്രധിഷേധിക്കാൻ വിവിധ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകർ ഇന്നലെ സമരപന്തലിലെത്തി. പ്രതിഷേധ കൂട്ടായ്മ എഴുത്തുകാരനും നാടക പ്രവർത്തകനുമായ കെ.ജെ. ബേബി ഉദ്ഘാടനം ചെയ്തു. സമരസമിതി നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും.

Advertisement
Advertisement