റാഞ്ചിയെടുക്കാൻ ! ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ഇന്ന്

Sunday 09 October 2022 3:18 AM IST

തോറ്റാൽ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമാകും


റാഞ്ചി: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് റാഞ്ചിയിൽ നടക്കും. ആദ്യ മത്സരത്തിൽ 9 റൺസിന്റെ തോൽവി വഴങ്ങേണ്ടി വന്ന ഇന്ത്യ ഇന്നത്തെ മത്സരത്തിൽ ജയിച്ച് പരമ്പരയിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഒപ്പമെത്താനുള്ള ശ്രമത്തിലാണ്. മറുവശത്ത് ദക്ഷിണാഫ്രിക്ക മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ ഇന്നത്തെ മത്സരം ജയിച്ച് പരമ്പര സ്വന്തമാക്കി ട്വന്റി-20യിലെ കണക്ക് തീർക്കാനാണ് പാഡ് കെട്ടുന്നത്. റാഞ്ചിയിലെ ജെ.സി.എസ്.എ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം.

തിരിച്ചടിക്കാൻ ഇന്ത്യ

ലക്നൗവിലെ തോൽവിക്ക് പകരം വീട്ടാനുറച്ചാണ് ഇന്ത്യകളത്തിലിറങ്ങുന്നത്. ബാറ്റിംഗിൽ മുൻനിര അമ്പേ പരാജയമായതായിരുന്നു ആദ്യ മത്സരത്തിലെ തോൽവിക്ക് പ്രധാന കാരണം. മലയാളി താരം സഞ്ജു സാംസണിന്റെ 3 സിക്സും 9 ഫോറും ഉൾപ്പെടെ പുറത്താകാതെ 63 പന്തിൽ 86 റൺസ് നേടിയ സഞ്ജു സാംസണിന്റെ അവസാന ഓവറുകളിലെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയുടെ തോൽവി ലഘൂകരിച്ചത്. സഞ്ജുവിനെക്കൂടാതെ ശ്രേയസ് അയ്യർക്കും ഷർദ്ദുൽ താക്കൂറിനും മാത്രമാണ് ഇന്ത്യൻ ബാറ്റിംഗ് നിരയിൽ തിളങ്ങാനായുള്ളൂ. ബാറ്റിംഗ് നിരയിലെ പിഴവുകൾ പരിഹരിച്ചെങ്കിലെ ഇന്ന് ഇന്ത്യയ്ക്ക് തിരിച്ചടിക്കാനാകൂ.

ചഹറിന് പകരം സുന്ദർ

പരിക്കേറ്റ ദീപക് ചഹറിന് പകരം വാഷിംഗ്ടൺ സുന്ദറിനെ പരമ്പരയിലെ അടുത്ത രണ്ട് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി. ബുംറയെപ്പോലെ പുറംവേദനായാണ് ചഹറിനും വിനയായിരിക്കുന്നത്. ഏറെ നാളത്തെ പരിക്കിനെത്തുടർന്നുള്ള വിശ്രമത്തിന് ശേഷം ഇന്ത്യൻ ടീമിലേക്ക് തിരിച്ചത്തിയതേയുണ്ടായിരുന്നുള്ളൂ ചഹർ. ട്വന്റി-20 ലോകകപ്പിന്റെ റിസർവ് ടീമിലുള്ള ചഹറിനോട് ബാഗ്ലൂരിലെ ദേശീയ ക്രിക്കറ്ര് അക്കാഡമിയിലേക്കെത്താനാണ് ബി.സി.സി.ഐ നിർദ്ദേശിച്ചിരിക്കുന്നത്. ടീമിലിടം കിട്ടിയ വാഷിംഗ്ടൺ സുന്ദറും പരിക്കിനെത്തുടർ ഏറെ നാൾപുറത്തായിരുന്ന ശേഷമുള്ള വരവാണ്.

അതേസമയം ഇന്ന് സുന്ദറിന് അവസരം ലഭിക്കാൻ സാധ്യത കുറവാണ്. എന്നാൽ രവി ബിഷ്ണോയിക്ക് പകരം ഷഹബാസ് അഹമ്മദിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയേക്കും.

സാധ്യതാ ടീം: ധവാൻ,​ ഗിൽ,​ റുതുരാജ്,​ ഇഷാൻ,​ശ്രേയസ്,​ സഞ്ജു,​ഷർദ്ദുൽ,​ ബിഷ്ണോയി/ഷഹബാസ്,​ ആവേശ്,​ കുൽദീപ്,​സിറാജ്.

പരമ്പര നേടാൻ ദക്ഷിണാഫ്രിക്ക

വിരൽ ഒടിഞ്ഞതിനെത്തുടർന്ന് ഈ പരനമ്പരയും ട്വന്റി-20 ലോകകപ്പും നഷ്ടമായ ഡ്വെയിൻ പ്രിട്ടോറിയസിന് പകരം മാർക്കോ ജാൻസണെ ദക്ഷിണാഫ്രിക്ക ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ ഉൾപ്പെടെ അടിവാങ്ങിയ ഷംസിക്ക് പകരം ജാൻസൺ ഇന്ന് കളിച്ചേക്കും. നോർട്ട്‌ജെയ്ക്ക് കളിക്കാനും സാധ്യതയുണ്ട്. പാർനലിന് പകരം പെഹുൽക്വായോ കളത്തിലിറങ്ങിയേക്കും. ക്യാപ്ടൻ ടെംബ ബൗമയ്ക്ക് റൺസ് കണ്ടെത്താനാകാത്തത് ദക്ഷിണാഫ്രിക്കയുടെ വലിയ തലവേദനയാണ്.

സാധ്യതാ ടീം: ഡികോക്ക്,​ മലൻ,​ ബവുമ,​മർക്രം,​ ക്ലാസ്സൻ,​ പാർനൽ/പെഹുൽക്വായോ ,​മഗഹാരാജ്,​ റബാഡ,​ ഷംസി/ജാൻസൺ/നോർട്ട്‌ജെ,​ എൻഗിഡി.

Advertisement
Advertisement