എറണാകുളം അതിരൂപതയിൽ ആൻഡ്രൂസ് താഴത്തിന്റെ സർക്കുലർ കത്തിച്ചും കുപ്പയിലെറിഞ്ഞും പ്രതിഷേധം

Monday 10 October 2022 12:21 AM IST
എളംകുളം ലിറ്റിൽ ഫ്ളവർ പള്ളിക്ക് മുമ്പിൽ വിശ്വാസികൾ ആർച്ച് ബിഷപ്പിന്റെ സർക്കുലർ കുപ്പത്തൊട്ടിലിൽ തള്ളി പ്രതിഷേധിക്കുന്നു

കൊച്ചി: എറണാകുളം അതിരൂപതയിൽ പരിഷ്‌കരിച്ച കുർബാന നടപ്പാക്കാനാവശ്യപ്പെട്ട് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് പുറത്തിറക്കിയ സർക്കുലർ വായിച്ചത് നാലു പള്ളികളിൽ മാത്രം. സർക്കുലർ കുപ്പതൊട്ടിയിൽ എറിഞ്ഞും കത്തിച്ചും ഒരുവിഭാഗം വിശ്വാസികൾ പ്രതിഷേധിച്ചു.

സഭയുടെ ഔദ്യോഗിക സംവിധാനം വഴി സർക്കുലർ ലഭിച്ചില്ലെന്ന കാരണം ഉന്നയിച്ചാണ് വൈദികർ സർക്കുലർ വായിക്കാൻ തയ്യാറാകാത്തത്. നടപടിക്രമം പാലിച്ച് സർക്കുലർ എത്തിച്ചപ്പോഴേയ്ക്കും കുർബാന സമയം കഴിഞ്ഞിരുന്നു.

അതിരൂപതയിലെ 328 ഇടവക ദേവാലയങ്ങളും കൊച്ചുപള്ളികളും മഠങ്ങളും ഉൾപ്പെടെ 450 ആരാധനാലയങ്ങളിൽ നാലിടത്താണ് സർക്കുലർ വായിച്ചത്.

അതിരൂപതയിൽ ബലമായി തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാനുള്ള സിനഡിന്റെയും ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിന്റെയും നീക്കം വൈദികരും വിശ്വാസികളും തള്ളിയതായി അതിരൂപത അൽമായ മുന്നേറ്റം അറിയിച്ചു.

പ്രതിഷേധിച്ച് അൽമായ മുന്നേറ്റം

സർക്കുലർ കുപ്പത്തൊട്ടിയിൽ എറിഞ്ഞും കത്തിച്ചും നടത്തിയ പ്രതിഷേധങ്ങൾക്ക് അൽമായ മുന്നേറ്റം വക്താവ് റിജു കാഞ്ഞൂക്കാരൻ, പീപ്പിൾ ഒഫ് ഗോഡ് കൺവീനർ ബെന്നി വാഴപ്പിള്ളി, വിജു ചൂളക്കൽ, കൺവീനർ ജെമി അഗസ്റ്റിൻ, സെക്രട്ടറി ജോൺ കല്ലൂക്കാരൻ, ബോബി മലയിൽ, ജോസഫ് ആന്റണി, ഷിജോ മാത്യു, ബസിലിക്ക കൂട്ടായ്മ കൺവീനർ തങ്കച്ചൻ പേരയിൽ, ജിജി പുതുശേരി, സെബി സെബാസ്റ്റ്യൻ, ഷൈജു ആന്റണി, വിജിലൻ ജോൺ, ജോൺ കല്ലൂക്കാരൻ, നിമ്മി ആന്റണി, പാപ്പച്ചൻ ആത്തപ്പിള്ളി തുടങ്ങിയവർ നേതൃത്വം നൽകി.

വായിച്ചേ തീരൂ

ഔദ്യോഗികമായി സർക്കുലർ നൽകിയ സാഹചര്യത്തിൽ സർക്കുലർ വായിക്കാതിരിക്കാനും പരിഷ്‌കരിച്ച കുർബാന നടപ്പാക്കാതിരിക്കാനും വൈദികർക്ക് ഇനി കഴിയില്ലെന്ന് മാർത്തോമ നസ്രാണി സംഘം പറഞ്ഞു. മാർപാപ്പയുടെ നിർദ്ദേശം പാലിക്കാത്തവർക്ക് സഭയ്ക്ക് പുറത്തുപോകേണ്ട അവസ്ഥയുണ്ടാകുമെന്ന് സംഘം കൺവീനർ റെജി ഇളമാതാ പറഞ്ഞു.

വായിച്ച പള്ളികൾ

കോട്ടക്കടവ് (പറവൂർ)

കൊങ്ങോർപ്പിള്ളി (പറവൂർ)

ചുണങ്ങംവേലി (ആലുവ)

മറ്റൂർ (കാലടി)

Advertisement
Advertisement