ആരെയും ഉപദ്രവിക്കാത്ത സസ്യാഹാരിയായ അത്ഭുത മുതല;കുമ്പള അനന്തപുരം ക്ഷേത്രത്തിലെ 'ബബിയ' ഓർമയായി

Monday 10 October 2022 9:59 AM IST

കാസർകോട്: കുമ്പള അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ കൗതുക കാഴ്ചയായിരുന്ന ബബിയ എന്ന മുതല മരിച്ചു. ഇന്നലെ രാത്രിയാണ് മുതല മരണപ്പെട്ടത്. 75 വയസായ ബബിയ സസ്യാഹാരിയായിരുന്നു. തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനമാണ് കാസർകോട് അനന്തപത്മനാഭ സ്വാമി ക്ഷേത്രമെന്നാണ് ഐതിഹ്യം.

രാജ്യത്തെ ഏക തടാക ക്ഷേത്രമായ അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രത്യേകതയായിരുന്നു നിരുപദ്രവകാരിയായ മുതല. ഇടയ്ക്കിടെ തടാകത്തിൽ നിന്ന് മുതല ശ്രീകോവിലിനടുത്തെത്തും. ബബിയ ശ്രീകോവിലിന് മുന്നിൽ ദർശനം നടത്തുന്നതിന്റെ ചിത്രങ്ങൾ ക്ഷേത്ര പൂജാരി എടുത്തിരുന്നു, ഇതിന് സമൂഹമാദ്ധ്യമങ്ങളിൽ വലിയ പ്രചാരം ലഭിച്ചിരുന്നു.

ക്ഷേത്രത്തിൽ രാവിലെയും ഉച്ചയ്ക്കുമുള്ള പൂജകൾക്കുശേഷം നൽകുന്ന നിവേദ്യമായിരുന്നു സസ്യാഹാരിയായ ബബിയയുടെ ഭക്ഷണം. ക്ഷേത്ര കുളത്തിലേയ്ക്ക് ഈ മുതല എത്തിയത് എങ്ങനെയാണെന്നോ ആരാണ് ഇതിന് പേര് നൽകിയതെന്നോ ആർക്കും അറിയില്ല. ക്ഷേത്രത്തിലെത്തുന്ന മനുഷ്യരെയോ കുളത്തിലെ മറ്റ് ജീവജാലങ്ങളെയോ മനുഷ്യരെയോ ബബിയ ഉപദ്രവിക്കാറില്ല. 2019ൽ ബബിയ ജീവനോടെയില്ല എന്ന വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതിനെതിരെ ക്ഷേത്ര ഭാരവാഹികൾ രംഗത്തെത്തിയിരുന്നു.