വികസനപദ്ധതികൾക്ക് ദീർഘകാല വീക്ഷണവും സുതാര്യതയും വേണം: പ്രതിപക്ഷനേതാവ്

Tuesday 11 October 2022 12:49 AM IST
കാലിക്കറ്റ് ചേംബർഹാളിൽ 'പുതിയ കേരളം കാഴ്ചപ്പാട്' എന്ന വിഷയത്തിൽ നടന്ന പരിപാടിയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സംസാരിക്കുന്നു

കോഴിക്കോട് : സർക്കാരിന്റെ വികസന പദ്ധതികൾക്ക് ദീർഘകാല വീക്ഷണവും ആസൂത്രണത്തിൽ സുതാര്യതയും ഉണ്ടായിരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ .കാലിക്കറ്റ് ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ ആഭിമുഖ്യത്തിൽ പുതിയ കേരളം കാഴ്ചപ്പാട് സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ എടുക്കുന്ന തീരുമാനങ്ങൾ നടപ്പിലാക്കാൻ ആർജവം ഉണ്ടായിരിക്കണം. അതിനിടയിൽ പ്രശ്‌നങ്ങളും പരിമിതികളും ഉണ്ടാകാം. അതിനെയെല്ലാം അതിജീവിക്കാനുള്ള സംവിധാനങ്ങൾ ശക്തമാക്കണം. ഇങ്ങിനെ ആസൂത്രണമില്ലായ്മയിലാണ് മദ്യനയവും കെ-റെയിൽ പദ്ധതിയും പരാജയപ്പെട്ടത്. വ്യാപാരികളും വ്യവസായികളും സർക്കാരിന്റെ ശത്രുക്കളല്ല, മിത്രങ്ങളാണ്. കാരണം ഇവർ നികുതിദായകരാണ്. വ്യവസായം തുടങ്ങാൻ വരുന്നവരെ ശത്രുക്കളായി കാണരുത് വ്യാപാരികളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളാകണം സർക്കാർ നടപ്പിലാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ ക്രിയാത്മക പ്രതിപക്ഷത്തേക്കാൾ ഉപരി സർഗാത്മകമായ പ്രതിപക്ഷമായി ഒപ്പം ഉണ്ടാകും. മുഖ്യമന്ത്രിയും സംഘവും വിദേശത്ത് പോയതിൽ തെറ്റില്ല , എന്നാൽ സർക്കാർ കണക്കിൽ പോയതിനാൽ ഫലം ഉണ്ടാകണം. പോയത് എന്തിനെന്ന് ജനങ്ങളോട് പറയണമെന്നും സതീശൻ ആവർത്തിച്ചു.

ചേംബർ പ്രസിഡന്റ് റാഫി പി ദേവസ്സി അദ്ധ്യക്ഷത വഹിച്ചു. വിനീഷ് വിദ്യാധരൻ വിഷയാവതരണം നടത്തി. ചേംബർ മുൻ പ്രസിഡന്റുമാരായ എം മുസമ്മിൽ , സുബൈർ കൊളക്കാടൻ, ഡോ.കെ മൊയ്തു, ജോയിന്റ് സെക്രട്ടറി സി.പി അബ്ദുൾ റഷീദ്, ഡി സി സി അദ്ധ്യക്ഷൻ അഡ്വ. കെ പ്രവീൺ കുമാർ എന്നിവർ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് എം.കെ.നാസർ സ്വാഗതവും ട്രഷറർ ബോബിഷ് കുന്നത്ത് നന്ദിയും പറഞ്ഞു.

Advertisement
Advertisement