ഗ്രാഫീൻമേഖലയിലെ സഹകരണം: വിദേശ സർവകലാശാലകളുമായി കേരളത്തിന്റെ ധാരണാപത്രം

Thursday 13 October 2022 3:14 AM IST

തിരുവനന്തപുരം: ഗ്രാഫീൻ അടിസ്ഥാനമാക്കി സംസ്ഥാനത്ത് വ്യവസായപാർക്കുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനായി മാഞ്ചസ്റ്റർ, ഓക്സ്‌ഫോർഡ്, എഡിൻബറോ, സൈഗൻ സർവകലാശാലകളുമായി ഡിജിറ്റൽ സർവകലാശാല ധാരണാപത്രം ഒപ്പുവച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്തി പി. രാജീവിന്റേയും സാന്നിദ്ധ്യത്തിലാണിത്.

അത്യാധുനിക ഗവേഷണ, വിജ്ഞാന സമ്പദ്‌വ്യവസ്ഥ വികസനത്തിനുള്ള സംസ്ഥാനത്തിന്റെ കഴിവിനെ ശക്തിപ്പെടുത്താൻ ധാരണാപത്രം സഹായിക്കുമെന്നാണ് പ്രതീക്ഷ. ഗ്രാഫീനിനായി ലോകോത്തര ആവാസവ്യവസ്ഥ നിർമ്മിക്കും. നാനോടെക്‌നോളജിയുടെ വികസനത്തിലും ഗ്രാഫീൻ പോലുള്ള ഭാവി സാമഗ്രികളുടെ വികസനത്തിലും ഏർപ്പെട്ടിരിക്കുന്ന ഓർഗനൈസേഷനുകളെ പ്രോത്സാഹിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡിജിറ്റൽ സാങ്കേതികവിദ്യകളിലെ വിജ്ഞാന വ്യവസായങ്ങൾക്ക് പിന്തുണ നൽകാൻ സർക്കാർ സർവകലാശാലയോട് ചേർന്ന് സയൻസ് പാർക്ക് സ്ഥാപിക്കും. ഗ്രാഫീൻ കണ്ടുപിടിത്തത്തിന് 2010ലെ നോബേൽ നേടിയ മാഞ്ചസ്റ്റർ സർവകലാശാലയിലെ ആൻഡ്രൂ ജെയിമും ചടങ്ങിൽ പങ്കെടുത്തു. അദ്ദേഹത്തിന്റെ ശിഷ്യനും മലയാളിയുമായ പ്രൊഫ.രാഹുൽ നായരും സന്നിഹിതനായിരുന്നു.

പ്രൊഫ.ഹരീഷ് ഭാസ്‌കരൻ (ഓക്സ്‌ഫോർഡ് ), സേതു വിജയകുമാർ (എഡിൻബറോ), ഭാസ്‌കർ ചൗബേ (സൈഗൻ), ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥ്, പ്രൊഫ.അലക്സ് ജെയിംസ്, ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയി, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ.വി.കെ. രാമചന്ദ്രൻ എന്നിവരും പങ്കെടുത്തു.

Advertisement
Advertisement